അങ്കമാലി: പെൻഷൻ വാങ്ങി നൽകാമെന്നു വ്യാമോഹിപ്പിച്ച് മോഷ്ടാവ് വീട്ടമ്മയുടെ മാല കവർന്നു. മാള അഷ്ടമിച്ചിറ സ്വദേശി സരസുവിന്റെ (68) രണ്ടരപവൻ തൂക്കം വരുന്ന മാലയാണ് നഷ്ടമായത്. ചാലക്കുടി കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻഡിൽ സരസുവും ഭർത്താവ് ചന്ദ്രനും നീർപ്പാറയിലെ ബന്ധുവീട്ടിലേക്കു പോകാൻ ബസ് കാത്തുനില്ക്കുമ്പോഴാണ് മോഷ്ടാവ് മകനെ പരിചയമുണ്ടെന്ന് പറഞ്ഞ് അടുത്തു കൂടിയത്. ചന്ദ്രനെ (81) പെൻഷന്റെ അപേക്ഷ വാങ്ങാൻ പറഞ്ഞുവിട്ട ശേഷം സരസുവിനെ ഒരു കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. കെട്ടിടത്തിന്റെ രണ്ടാംനിലയിൽ അടഞ്ഞുകിടന്ന ഒരു സ്ഥാപനത്തിന്റെ മുന്നിൽ നിർത്തിയ ശേഷം മോഷ്ടാവ് മാല ഊരി വാങ്ങി. മാലയിട്ടാൽ പെൻഷൻ കിട്ടില്ലെന്നു ധരിപ്പിച്ചാണ് ഊരി വാങ്ങിയത്. മാല ഭർത്താവിന്റെ കൈയിൽ കൊടുക്കാമെന്നു പറഞ്ഞ് ഇയാൾ മുങ്ങി. സരസു സ്ഥാപനത്തിനു മുന്നിൽ നിൽക്കുന്നത് കണ്ട് മറ്റുള്ളവർ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായെന്നു മനസ്സിലായത്. തുടർന്നു ഭർത്താവുമൊത്ത് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.