കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചു.

1) ജില്ലയിലെ കടകൾ അടക്കമുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാവിലെ ഏഴ് മുതൽ വൈകിട്ട് 5 മണിവരെ മാത്രമേ പ്രവർത്തിക്കാവൂ.

2) ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ 7 മുതൽ രാത്രി 9 വരെ പാഴ്സൽ, ടേക്ക് എവേ സൗകര്യങ്ങൾ മാത്രമായി പരിമിതപ്പെടുത്തണം.
ഇൻ ഡൈനിങ് അനുവദനീയമല്ല. കള്ളു ഷാപ്പുകൾക്കും ബാറുകൾക്കും നിയന്ത്രണം ബാധകമാണ്

3) വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവ കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വിവാഹങ്ങളിൽ പരമാവധി 30 പേരും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേരും മാത്രമേ പങ്കെടുക്കാവൂ.

4) കുടുംബയോഗങ്ങൾ തുടങ്ങിയ ഒരു തരത്തിലുള്ള ഒത്തുചേരലുകളും അനുവദിക്കുന്നതല്ല.

5) അമ്യൂസ്മെന്റ് പാർക്കുകൾ, എന്റർടെയ്ൻമെന്റ് പാർക്കുകൾ, ക്ലബ്ബുകൾ എന്നിവയുടെ പ്രവർത്തനം ജില്ലയിൽ നിർത്തി വയ്ക്കണം.

6) ജിംനേഷ്യം, സമ്പർക്കം ഉണ്ടാക്കുന്ന കായികവിനോദങ്ങൾ, ടീം സ്പോർട്സ്, ടൂർണമെൻറുകൾ എന്നിവ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചു.

7) തിയേറ്റർ ഉടമകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ജില്ലയിലെ തീയേറ്ററുകൾ മേയ് രണ്ടു വരെ പ്രവർത്തിക്കാൻ പാടില്ല.
സിനിമ ചിത്രീകരണങ്ങളും അടിയന്തരമായി നിർത്തണം.

8) എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ഒഴികെ മറ്റ് എല്ലാ പരീക്ഷകളും മാറ്റി വയ്ക്കണം. ട്യൂഷൻ സെന്ററുകൾ ഓൺലൈൻ ആയി മാത്രം പ്രവർത്തിക്കേണ്ടതാണ്.

9) സർക്കാർ വകുപ്പുകൾ, സംഘടനകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ മീറ്റിംഗുകളും പരിശീലന പരിപാടികളും ഓൺലൈനായി മാത്രം നടത്തേണ്ടതാണ്.

10) മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതു ഗതാഗതത്തിനും തടസമില്ല.