തൃക്കാക്കര: വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം രമ്യയെയും ബന്ധുക്കളെയും ചോദ്യം ചെയ്യും. ബുനാഴ്ചയാവും അന്വേഷണ സംഘം ചോദ്യം ചെയ്യുക. ഇന്ന് മൂകാംബികയിൽ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം സാനുമോഹനുമായി അന്വേഷണ സംഘം വൈകിട്ടോടെ കൊച്ചിയിലേക്ക് യാത്ര തിരിക്കും.
സാനുമോഹൻ മുരുഡേശ്വറിർ ശിവക്ഷേത്രത്തിൽ സത്രത്തിലാണ് രണ്ടുദിവസം താമസിച്ചിരുന്നതെന്നും കാർവാറിൽ ബീച്ചിൽ വർക്ക് നടക്കുന്ന സ്ഥലത്താണ് മൂന്ന് ദിവസം താമസിച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി. ചൊവ്വാഴ്ച സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു, ഡി.സി.പി ഐശ്വര്യ ഡോങ്‌രെ, തൃക്കാക്കര എ.സി.പി. ആർ. ശ്രീകുമാർ, തൃക്കാക്കര സി.ഐ കെ. ധനപാലൻ, എന്നിവരുടെ നേതൃത്വത്തിൽ കേസിന്റെ സ്ഥിതിഗതികൾ വിലയിരുത്തിയാവും സാനുമോഹന്റെ സാന്നിദ്ധ്യത്തിലാവും രമ്യയെയും ബന്ധുക്കളെയും ചോദ്യം ചെയ്യുക.
മാർച്ച് 22നാണ് വൈഗയെ മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പിതാവ് സാനുമോഹൻ ഒളിവിൽ പോകുകയായിരുന്നു. പിന്നീട് 28 ദിവസത്തിന് ശേഷമാണ് കാർവാർ ബീച്ചിൽ നിന്നും പൊലീസ് ഇയാളെ പിടികൂടുന്നത്. സാനുമോഹൻ ഉപയോഗിച്ചിരുന്ന രമ്യയുടെ ഒരു ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. കളമശ്ശേരിയിൽ കാട്ടിൽ ഉപേക്ഷിച്ചതായാണ് സാനുമോഹൻ മൊഴി നൽകിയിരുന്നത്.