കൊച്ചി: ഒറ്ര ക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തിക്കുന്ന സംവിധാനം 10 ദിവസത്തിനുള്ളിൽ നടപ്പിലാക്കാൻ ബിവറേജസ് കോർപ്പറേഷൻ തീരുമാനമെടുത്തു. സർക്കാർ അനുമതി വേഗത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. രണ്ടാം കൊവിഡ് തരംഗം അതിസങ്കീർണമായത് കണക്കിലെടുത്താണ് ഹോം ഡെലിവറിക്ക് ഒരുങ്ങുന്നത്.
നേരത്തെ ഹോം ഡെലിവറിയുടെ സാദ്ധ്യത കോർപ്പറേഷൻ പരിശോധിച്ചെങ്കിലും പല ഭാഗത്തുനിന്നുമുണ്ടായ എതിർപ്പുമൂലം അതുപേക്ഷിച്ചാണ് കഴിഞ്ഞ മേയിൽ ബെവ്ക്യൂ ആപ്പ് ഇറക്കിയത്. ഈ വെബ്സൈറ്റ് തന്നെയാവും ഹോം ഡെലിവറിക്കായി പരിഷ്‌കരിക്കുന്നത്. ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളാകും കുപ്പി വീട്ടിലെത്തിക്കുക. സർക്കാരിന്റെ പ്രധാന സാമ്പത്തിക സ്രോതസാണ് മദ്യവ്യാപാരം. മദ്യഷോപ്പുകൾ പൂട്ടിയിടേണ്ടിവന്നാൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകും. ഈ സാഹചര്യത്തിൽ കോർപ്പറേന്റെ നിർദ്ദേശം സർക്കാർ തള്ളിക്കളയില്ലെന്നാണ് വിലയിരുത്തൽ.
ആദ്യം രണ്ടു ജില്ല
തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പിന്നീടാകും മറ്ര് ജില്ലകളിലേക്ക് കടക്കുക. എക്സൈസ് വകുപ്പുമായും ഇതുസംബന്ധിച്ച് കോർപ്പറേഷൻ ആശയവിനിമയം നടത്തും.
ബെവ്ക്യൂ ഇല്ല
കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ബെവ്ക്യൂ ആപ്പിന് വീണ്ടും അനുമതി തേടി ഫെയർകോഡ് ടെക്‌നോളജീസ് സമീപിച്ചെങ്കിലും ബിവറേജസ് കോർപ്പറേഷൻ പരിഗണിച്ചില്ല. ആപ്പിന്റെ പ്രവർത്തനത്തിൽ പാളിച്ചയുണ്ടായെന്നാണ് കോർപ്പറേഷന്റെ വിലയിരുത്തൽ. 2020 മേയ് 28ന് പ്ലേ സ്റ്റോറിൽ എത്തിയ ബെവ്ക്യൂ ആപ്പ് 2021ജനുവരിയിലാണ് പ്രവർത്തനം താത്കാലികമായി നിറുത്തിയത്.
''നടപ്പിലാക്കേണ്ട രീതിയെക്കുറിച്ച് അന്തിമഘട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. അന്തിമ തീരുമാനം സർക്കാരിനെ അറിയിക്കും. 10 ദിവസത്തിനകം പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
യോഗേഷ് ഗുപ്ത,
എം.ഡി, ബിവറേജസ് കോർപ്പറേഷൻ