കോലഞ്ചേരി: കളി കൊവിഡെടുത്തതോടെ കളിക്കാർ കളം വിട്ടു. കൊവിഡിന്റെ ആദ്യ വരവിൽ നഷ്ടമായ കളികൾ ഒരു വർഷത്തിനുശേഷം തിരിച്ചു വരവിന്റെ പാതയിൽ നിൽക്കുമ്പോഴാണ് രണ്ടാം വരവ് കളിക്കളങ്ങളെ അനാഥമാക്കിയത്. കായിക സംഘടനകളും താരങ്ങളും കളിക്കളങ്ങളിൽ തിരികെ എത്തി തുടങ്ങിയ സാഹചര്യത്തിലാണ് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായത്. കളത്തിലിറങ്ങിയ കായിക താരങ്ങൾ അധികൃതരുടെ വിലക്കും സുരക്ഷയും കണക്കിലെടുത്ത് കരയ്ക്ക് കയറി. സ്കൂൾ തുറിന്നിട്ടില്ലാത്തതിനാൽ വിദ്യാർത്ഥികളടക്കം ഗ്രാമീണ മേഖലയിലെ ചെറിയ സ്ഥലങ്ങൾ പോലും കളിക്കളങ്ങളാക്കി പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു. വിദ്യാർത്ഥികൾ നഷ്ടമായ സ്‌കൂൾ വർഷത്തിന്റെ അലസത മാറ്റിയത് നാട്ടിൻ പുറങ്ങളിലെ കളിക്കളങ്ങളിലായിരുന്നു. വോളിബാൾ, ഫുട്ബാൾ, ബാഡ്മിന്റൺ, ക്രിക്കറ്റ്, നാടൻ കാല്പന്തുകളി തുടങ്ങി ഗ്രാമീണ മേഖലയിൽ കൊയ്ത്തു കഴിഞ്ഞ വയലുകൾ കളിക്കളങ്ങളാക്കി ഒട്ടേറെ ടൂർണമെന്റുകളും നടന്നിരുന്നു. ഈ വർഷം പ്രതീക്ഷയോടെ ടൂർണമെന്റുകൾ പ്രഖ്യാപിച്ച കായിക സംഘടനകൾ പുതിയ സാഹചര്യത്തിൽ മത്സരങ്ങൾ ഉപേക്ഷിച്ചു. കളി കൊവിഡ് തട്ടിയെടുത്തതോടെ പ്രാദേശിക സൂപ്പർ ക്ലബ്ബുകളും താരങ്ങളും നിരാശയിലാണ്. ക്ളബ്ബുകൾക്കും സൈനിക ടീമുകൾക്കും വേണ്ടി കളിച്ചിരുന്ന കളിക്കാർ അവധിക്ക് നാട്ടിലെത്തി കുട്ടികൾക്ക് പരിശീലനം നൽകുന്ന പതിവുണ്ടായിരുന്നു. കളിക്കളങ്ങൾ നിശ്ചലമായതോടെ ഇതും നിലച്ചു. വിവിധ കായിക സംഘടനകളും സ്പോർട്‌സ് ഹോസ്റ്റലുകളും കായിക താരങ്ങളെ കണ്ടെത്തുന്നതിന് ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് സെലക്ഷൻ ട്രയൽസ് ആരംഭിച്ചെങ്കിലും പൂർത്തിയാക്കാനായിട്ടില്ല. കഴിഞ്ഞ വർഷം സെലക്ഷൻ ലഭിച്ച കായിക താരങ്ങൾ, സ്‌കൂൾ തുറക്കാൻ സാധിക്കാത്തതിനാൽ പിരിശീലനങ്ങളിൽ പങ്കെടുക്കാനും സാധിച്ചിരുന്നില്ല. സ്‌കൂൾ ഗെയിംസ് നടക്കാത്തിനാൽ പലർക്കും അർഹതയുള്ള നേട്ടങ്ങളും ഗ്രേസ് മാർക്കുകളും നഷ്ടമായട്ടുണ്ട്.