വൈപ്പിൻ : മുനമ്പത്തെ രണ്ട് ഫിഷിംഗ് ഹാർബറുകളും വ്യാഴാഴ്ചമുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് സമൂഹമാദ്ധ്യമം വഴിയുള്ള പ്രചാരണം തെറ്റാണെന്ന് അധികൃതർ അറിയിച്ചു. പള്ളിപ്പുറം പഞ്ചായത്തിനെ കണ്ടെയ്ന്റ്‌മെന്റ് സോണിൽനിന്നും പിൻവലിക്കുന്നത് വരെ ഹാർബറുകൾ അടഞ്ഞു കിടക്കും. കടലിൽ കിടന്ന് ഇപ്പോൾ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് ആവശ്യമെങ്കിൽ വ്യാഴാഴ്ച ഹാർബറിന് അടുത്ത് കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ അനുസരിച്ച് മത്സ്യവിൽപ്പന നടത്താം. അനുബന്ധമേഖലയിലുള്ളവർക്ക് ഹാർബറിലേക്ക് പ്രവേശിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും പാസും വേണ്ടി വരും. ബോട്ടുകളിലെ മത്സ്യതൊഴിലാളികളുടെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ബോട്ടുടമ മുൻകൈ എടുത്ത് ഹാജരാക്കണം. ബോട്ടിൽ നിന്നും മത്സ്യം ഇറക്കുന്ന തൊഴിലാളികൾ കരയിൽ ഇറങ്ങേണ്ട ആവശ്യമില്ല. ബോട്ടിൽ തന്നെ കഴിയണം. മത്സ്യം പ്ലാറ്റ് ഫോമിൽ ഇറക്കിയിടാതെ കണ്ടെയ്‌നറിൽ തന്നെ വെച്ച് വിൽപ്പന നടത്തണം. മത്സ്യം കയറ്റാൻ എത്തുന്ന വാഹനങ്ങളിലെ ജീവനക്കാർ വാഹനത്തിൽ നിന്നും പുറത്തിറങ്ങരുത്.