കൊച്ചി: കൊച്ചിൻ കാൻസർ സെന്ററിന്റെ നിർമ്മാണത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ കരാർ കമ്പനിയായ പി.ആൻഡ് സി പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കാൻസർ സെന്ററിന്റെ നിർമ്മാണം പൂർത്തിയാക്കാൻ സമയം നീട്ടി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഗുണനിലവാരമില്ലെന്നുമുള്ള വസ്തുതകൾ കണക്കിലെടുത്താണ് ജസ്റ്റിസ് എൻ. നഗരേഷ് ഹർജി തള്ളിയത്. ഇടയ്ക്ക് തൊഴിൽ പ്രശ്നങ്ങളുണ്ടായതും നിർമ്മാണത്തിനുള്ള ഡ്രോയിംഗുകൾ നൽകാൻ ഇൻകെൽ വൈകിയതും പണി നീളാൻ കാരണമായെന്ന് കമ്പനി വാദിച്ചെങ്കിലും ഇക്കാര്യങ്ങൾ ഹർജിയിൽ പരിഗണിക്കാനാവില്ലെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. തുടർന്നാണ് ഹർജി തള്ളിയത്. കൊച്ചിൻ കാൻസർ സെന്ററിന്റെ നിർമ്മാണം 730 ദിവസം കൊണ്ടു പൂർത്തിയാക്കാനാണ് കമ്പനിക്ക് 87.14 കോടി രൂപയുടെ കരാർ നൽകിയത്. ഇതനുസരിച്ച് 2018 ജൂലായ് 25 തുടങ്ങിയ നിർമ്മാണം 2020 ജൂലായ് 23 നാണ് പൂർത്തിയാക്കേണ്ടിയിരുന്നത്. നിർമ്മാണം വൈകുന്നതു ചൂണ്ടിക്കാട്ടി ജനുവരി 31 ന് പണി നിറുത്തിവച്ച് ഒഴിഞ്ഞു പോകാൻ ജനുവരി 18 നാണ് ഇൻകെൽ നോട്ടീസ് നൽകിയത്. ഇതിനെതിരെയാണ് കമ്പനി ഹൈക്കോടതിയിലെത്തിയത്.
കമ്പനിയുടെ വാദം :
പ്രളയവും കൊവിഡും നിർമ്മാണം വൈകാൻ കാരണമായി
ഹൈക്കോടതിയുടെ വിലയിരുത്തൽ :
പ്രതികൂല സാഹചര്യം കണക്കിലെടുത്ത് കമ്പനിക്ക് കരാർ കാലാവധി നീട്ടി നൽകി. ഇതനുസരിച്ച് 730 ദിവസം കൊണ്ടു പൂർത്തിയാക്കേണ്ട ജോലികൾക്ക് 949 ദിവസം അനുവദിച്ചു. ഇതനുസരിച്ച് 2021 ഫെബ്രുവരി 28 നാണ് കാൻസർ സെന്റർ നിർമ്മാണം പൂർത്തിയാക്കേണ്ടിയിരുന്നത്. ഇതുണ്ടായില്ല.
കമ്പനിയുടെ വാദം :
കൃത്യമായി ഫണ്ട് ലഭ്യമാക്കാത്തതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ വൈകി.
ഹൈക്കോടതിയുടെ വിലയിരുത്തൽ :
ഒാരോഘട്ടത്തിലുമുള്ള പണികൾ നിശ്ചിത സമയത്തിനകം പൂർത്തിയാക്കിയില്ലെങ്കിൽ അടുത്തഘട്ടത്തിലെ നിർമ്മാണ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കണം. എങ്കിലേ കുടിശ്ശിക നൽകൂവെന്ന് കരാറിലുണ്ട്. ഇതംഗീകരിച്ച് കമ്പനി ഒപ്പിട്ടു നൽകിയിട്ട് പണികൾ വൈകിയതിന് ഫണ്ടു കിട്ടാത്തതിനെ കുറ്റം പറയാനാവില്ല.
കമ്പനിയുടെ വാദം :
കിഫ്ബിയുടെ പരിശോധനാ റിപ്പോർട്ടിനെക്കുറിച്ച് ഇൻകെൽ നൽകിയ നോട്ടീസിൽ പറയുന്നില്ല
ഹൈക്കോടതിയുടെ വിലയിരുത്തൽ :
2019 നവംബറിൽ കോൺക്രീറ്റിന്റെ ഒരുഭാഗം തകർന്നുവീണ് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. ഗുണമേന്മയില്ലാത്ത നിർമ്മാണ പ്രവർത്തനമാണെന്ന് ഫണ്ടിംഗ് ഏജൻസിയായ കിഫ് ബി കണ്ടെത്തിയിരുന്നു. നിർമ്മാണത്തിന് മേന്മയില്ലെന്ന് കമ്പനി തന്നെ ഒപ്പിട്ടു നൽകിയ ലെറ്റർ ഒഫ് അണ്ടർടേക്കിംഗിൽ പറയുന്നുണ്ട്. ഇൗ സാഹചര്യത്തിൽ കിഫ് ബി റിപ്പോർട്ടിനെ കുറിച്ച് കാരണം കാണിക്കൽ നോട്ടീസിൽ പറഞ്ഞില്ലെന്നതു പോരായ്മയല്ല.