വൈപ്പിൻ: എളങ്കുന്നപ്പുഴ പഞ്ചായത്ത് അംഗങ്ങൾക്ക് രണ്ടാംതവണയും കൊവിഡ് ടെസ്റ്റ് നടത്തി. ഈ മാസം17 നാണ് ആദ്യം എളങ്കുന്നപ്പുഴയിലെ 22 പഞ്ചായത്ത് അംഗങ്ങൾക്ക് ഞാറക്കൽ ഗവ. ആശുപത്രിയിൽ വെച്ച് ടെസ്റ്റ് നടത്തിയത്. 23 ന് ആറ് പേരുടെ പരിശോധനാഫലം വന്നതിൽ ഒരാൾ പോസിറ്റിവ് ആയി. പിന്നീട് വന്ന ഫലത്തിൽ രണ്ട് പേർ കൂടി പോസീറ്റിവ് ആയി. ഇതിനിടെ ഫലമറിയാൻ കാത്തിരുന്ന അംഗങ്ങളിൽ ഒരാളെ കൊവിഡ് രോഗിയായി പരിഗണിച്ച് ജില്ലാ കേന്ദ്രത്തിൽ നിന്ന് വിളി വന്നു. തുടർന്ന് തന്റെ ഫലം വരാത്തതിന് കാരണം തിരക്കിയപ്പോൾ സാമ്പിളിന്റെ നമ്പർ മാറിപ്പോയിയെന്ന് പറഞ്ഞ് ആരോഗ്യവകുപ്പ് ജീവനക്കാർ വീട്ടിലെത്തി വീണ്ടും സാമ്പിൾ എടുത്തതായി പ്രസിഡന്റ് രസികല പ്രിയരാജ് പറഞ്ഞു. പരിശോധനാ ഫലത്തെ കുറിച്ച് അംഗങ്ങൾക്കിടയിൽ പരിഭ്രാന്തി പരന്നതോടെ ഇന്നലെ മുഴുവൻ അംഗങ്ങൾക്കും പുതുവൈപ്പ് ആരോഗ്യ കേന്ദ്രത്തിൽ വെച്ച് വീണ്ടും പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്ന് ഓഫീസ് തുറക്കും.