കൊച്ചി: പീഡനത്തിന് ഇരയായ പെൺകുട്ടിയെ വിവാഹം കഴിച്ച് ഒരുമിച്ചു കഴിയുകയാണെന്നതു കണക്കിലെടുത്ത് 22 കാരനെതിരായ പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് ഇരയും പരാതിക്കാരനായ പിതാവും ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ജസ്റ്റിസ് കെ. ഹരിപാൽ വിധി പറഞ്ഞത്. 2019 ഫെബ്രുവരി 20നാണ് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഹർജിക്കാരനെതിരെ തൃശൂർ കൊടകര പൊലീസ് കേസെടുത്തത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായതോടെ കഴിഞ്ഞ നവംബറിൽ ഇരുവരും വിവാഹിതരായി. ഇതിനിടെ കേസിൽ തൃശൂരിലെ അഡി. സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം നൽകിയിരുന്നു. തുടർന്നാണ് കേസും കുറ്റപത്രവും റദ്ദാക്കാൻ പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ദമ്പതികളുടെ ക്ഷേമം കണക്കിലെടുത്താണ് കേസ് റദ്ദാക്കുന്നതെന്ന് വ്യക്തമാക്കിയ ഹൈക്കോടതി പൊതുതാത്പര്യത്തെ ഹനിക്കുന്ന വസ്തുതകളൊന്നും കേസിലില്ലെന്നും വിലയിരുത്തി. ഇത്തരം കേസുകളിൽ കോടതികൾ പ്രായോഗിക നിലപാടു സ്വീകരിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശവും കണക്കിലെടുത്തു. തുടർന്നാണ് നിയമ നടപടികൾ തുടരുന്നത് അനാവശ്യമാണെന്ന് വിലയിരുത്തി കേസ് റദ്ദാക്കിയത്.