തൃക്കാക്കര: കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം പ്രതിസന്ധികൾ സൃഷ്ടിക്കുമ്പോഴും ഇതിനെ പ്രതിരോധിക്കാൻ സജ്ജമായി മുന്നിൽ നിൽക്കുകയാണ് ജില്ലയിലെ ആരോഗ്യ പ്രവർത്തകർ. 8249 ആരോഗ്യ പ്രവർത്തകരാണ് ഒരു വർഷത്തിലധികമായി ജില്ലയിൽ കർമനിരതമായിരിക്കുന്നത്. ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആശുപത്രി ജീവനക്കാർ തുടങ്ങിയ വിഭാഗത്തിലായി 5943 പേരാണ് ജില്ലയിൽ തുടർച്ചയായി ജോലി ചെയ്യുന്നത്. ഇവർക്കൊപ്പം 2306 ആശാപ്രവർത്തകരാണ് ഒരു വർഷത്തിലധികമായി കൊവിഡ് പ്രതിരോധത്തിൽ പങ്കാളികളായിരിക്കുന്നത്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുക, വിദേശത്തുനിന്ന് വന്നവരുടെ വിവരങ്ങൾ കൈമാറൽ, ചികിത്സ വേണ്ടവരെ കണ്ടെത്തൽ, മറ്റു രോഗമുള്ളവർക്ക് വീടുകളിൽ സന്ദർശനം നടത്തിയുള്ള മരുന്ന് വിതരണം, മൈഗ്രന്റ് സ്‌ക്രീനിംഗ്, ബോധവത്കരണം എന്നീ പ്രവർത്തനങ്ങളുമായി ആശാ വർക്കർമാർ സജീവമാണ്.