മൂവാറ്റുപുഴ: പാടത്തേക്ക് മറിഞ്ഞുകിടക്കുന്ന ഉപയോഗശൂന്യമായ വൈദ്യുതി പോസ്റ്റ് നീക്കം ചെയ്യാത്തത് കർഷകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഈസ്റ്റ് മാറാടി സബ് സ്റ്റേഷന് സമീപം കടുവേലിപ്പാടത്തേയ്ക്കു ചരിഞ്ഞുകിടക്കുന്ന പോസ്റ്റ് നീക്കംചെയ്യാത്തതാണ് കർഷകർക്ക് ദുരിതമായിരിക്കുന്നത്. പോസ്റ്റ് മറിഞ്ഞുവീണതോടെ ലൈനുകൾ പാടത്തിനു കുറുകെ കിടക്കുകയാണ്.
ഈസ്റ്റ്.മാറാടിയിൽ പുതിയ സബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചപ്പോൾ നിലവിൽ ഉണ്ടായിരുന്ന വൈദ്യുതിലൈൻ ഒഴിവാക്കി ചങ്ങാലിമറ്റം ഭാഗത്തുകൂടി പുതിയത് സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ പഴയ ലൈനിൽ വൈദ്യുതിയില്ലാത്തത് ജനങ്ങൾക്ക് ആശ്വാസമാണെങ്കിലും പാടത്ത് മേയുന്ന കന്നുകാലികളുടെ കാലിൽ കമ്പികൾ കുരുങ്ങുന്നത് നിത്യസംഭവമാണ്. പാടത്തേയ്ക്ക് മറിഞ്ഞുകിടക്കുന്ന പഴയ പോസ്റ്റും കമ്പികളും നീക്കം ചെയ്യണമെന്ന് ജനപ്രതിനിധികളും കർഷകരും നിരവധിതവണ അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നുമാത്രം.