കോലഞ്ചേരി: പട്ടിമറ്റം ജംഗ്ഷന് സമീപം പി.പി റോഡിലെ മരണക്കുഴിയിൽവീണ് അപകടങ്ങൾ പെരുകിയിട്ടും അധികൃതർക്ക് അനക്കമില്ല. ടൗണിന്റെ മദ്ധ്യഭാഗത്തായി ഇന്റർലോക്ക് കട്ടകൾ വിരിച്ചതിനോടുചേർന്ന് കുടിവെള്ളപൈപ്പ് പൊട്ടിയുണ്ടായതാണ് കുഴി. ഇരുഭാഗത്തുനിന്നും വരുന്ന ഇരുചക്രവാഹനങ്ങളടക്കം തൊട്ടടുത്ത് എത്തുമ്പോഴാണ് കുഴികാണുന്നത്. കുഴിയിൽ വീണും പെട്ടെന്ന് ഒരു വശത്തേക്ക് വെട്ടിച്ചുമാറ്റുകയും ചെയ്യുമ്പോഴാണ് അപകടമുണ്ടാകുന്നത്.
ഞായറാഴ്ച വൈകിട്ട് കോലഞ്ചേരിയിലെ ഹോട്ടലിൽ നിന്ന് പാഴ്സലുമായി ബൈക്കിൽ പോയ യുവാവ് കുഴിയിൽ വീണ് തെറിച്ചുപോയി. ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. ടൗണിൽ വഴിവിളക്ക് തെളിയാത്തതും കുഴി കാണാതിരിക്കാൻ കാരണമാണ്. അടിയന്തരമായി കുഴി നികത്തണമെന്നാണ് ആവശ്യം.