kacherikunnu
പെരുമ്പാവൂർ നഗരത്തിന് മധ്യത്തിലുളള കച്ചേരിക്കുന്ന് ഭാഗം

പെരുമ്പാവൂർ: നഗരമദ്ധ്യത്തിലെ പ്രധാനഭാഗങ്ങളെല്ലാം കാലക്രമേണ മുഖം മിനുക്കിയെങ്കിലും മാലിന്യക്കൂമ്പാരവും കാടുപിടിച്ച അന്തരീക്ഷവുമായി പുനർജനി കാത്തുകഴിയുകയാണ് പഴയ കച്ചേരിക്കുന്ന്. പെരുമ്പാവൂരിന്റെ വികസനസൗന്ദര്യങ്ങൾക്ക് അപവാദമായി മാറിയ കച്ചേരിക്കുന്നിന്റെ ഒരു ഭാഗമാണ് ഒറ്റപ്പെട്ട് കാടുപിടിച്ചും പാഴ്മരങ്ങൾ തിങ്ങിനിറഞ്ഞും മതിൽക്കെട്ടുകൾ തകർന്നും വർഷങ്ങൾക്ക് മുമ്പ് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാൽ നിറഞ്ഞും അവഗണന നേരിടുന്നത്.

 നൂറ്റാണ്ടിന്റെ ചരിത്രപാരമ്പര്യം

ഒരു നൂറ്റാണ്ടിലേറെ ചരിത്ര പാരമ്പര്യമുള്ളതാണ് കുന്നത്തുനാട് താലൂക്കിന്റെ ആസ്ഥാനമായിരുന്ന കച്ചരിക്കുന്നെന്ന് വിശേഷിപ്പിക്കുന്ന ഇവിടം. പെരുമ്പാവൂരിന്റെ ഹൃദയഭാഗമാണ്. എന്നാൽ പഴയ താലൂക്ക്, കോടതി, പൊലീസ് സ്റ്റേഷൻ കാര്യാലയങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിരുന്ന കച്ചേരിക്കുന്നിന്റെ ഇപ്പോഴത്തെ അവസ്ഥ പരമദയനീയമാണ്. പുതുതായി നിർമ്മിച്ച മിനിസിവിൽ സ്റ്റേഷനിലേക്ക് ഇവിടെയുണ്ടായിരുന്ന താലൂക്ക് ഓഫീസ് മാറ്റി പ്രവർത്തനം ആരംഭിച്ചതോടെയാണ് കച്ചേരിക്കുന്നിന്റെ നാശത്തിന് തുടക്കംകുറിക്കുന്നത്. ഇന്ന് ഈ സ്ഥലം വൻ മരങ്ങളും കാടുകളും വളർന്നും മതിൽക്കെട്ടുകൾ തകർന്നും തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും താവളമായും പൊതുശൗചാലയമായും മാലിന്യങ്ങൾ നിറഞ്ഞും കിടക്കുകയാണ്.

 കച്ചേരിക്കുന്ന് റോഡ്

2010-15 കാലയളവിൽ സാജു പോൾ എം.എൽ.എ, അന്നത്തെ മുനിസിപ്പൽ ചെയർമാൻ കെ.എം.എ. സലാം എന്നിവരുടെ നേതൃത്വത്തിലുള്ള നഗരസഭാ കൗൺസിൽ മുൻകൈയെടുത്തു കച്ചേരിക്കുന്ന് കോമ്പൗണ്ടിൽ ഒറ്റപ്പെട്ടുകിടന്ന കോടതി, പോസ്റ്റാഫീസ് റോഡുകളുമായി ബന്ധിപ്പിച്ചു കച്ചേരിക്കുന്ന് റോഡ് എന്ന പേരിൽ പുതിയൊരു റോഡു നിർമിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി., ഐ.പി ഓഫീസ് മന്ദിരം, പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ, വാട്ടർ അതോറിറ്റി, നഗരസഭ, പോസ്റ്റോഫീസ്, ബി.എസ്.എൻ.എൽ. ഉൾപ്പെടെ നിരവധി ഓഫീസുകളും കോടതിയും ഈ തിരക്കേറിയ കച്ചേരിക്കുന്ന് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.

 ചെയ്യേണ്ട കാര്യങ്ങൾ

കോടതി വളപ്പിലെ പാഴ്മരങ്ങളും കാടുകളും വെട്ടിമാറ്റണം. മാലിന്യങ്ങൾ നീക്കം ചെയ്യണം. മതിൽ കെട്ടുകൾ പുനർനിർമിക്കണം. ഇവിടെ ഏതാനും വർഷങ്ങൾക്കു മുൻപുവരെ പ്രവർത്തിച്ചിരുന്ന എ.ഇ ഓഫീസ് കെട്ടിടവും സ്ഥലവും ഉൾപ്പെടുത്തി ഏകോപിപ്പിക്കണം. ഇതോടെ നഗരത്തിൽനിന്ന് ദൂരെ പ്രവർത്തിച്ചുവരുന്ന ജോയിന്റ് ആർ.ടി ഓഫീസും അവശേഷിക്കുന്ന എല്ലാ ഓഫീസുകളും ഈ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്യാം.