കൊച്ചി :ഗോവൻ തീരത്തുനിന്നും 600നോട്ടിക്കൽ മൈൽ അകലെ തകർന്ന മേഴ്‌സിഡെസ് മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതമാക്കണമെന്ന് ഓൾ ഇന്ത്യ ഡീപ് ഫിഷേഴ്‌സ് അസോസിയേഷൻ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. അപകടം നടന്ന വെള്ളിയാഴ്ച തന്നെ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ ഞായറാഴ്ചയാണ് തീരസംരക്ഷണ സേനയുടെ കപ്പൽ തിരച്ചിലിനായി പോയത്. മത്സ്യത്തൊഴിലാളികളുടെ പത്തു ബോട്ടുകളും ഇതോടൊപ്പം തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ആരേയും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ചു തിരച്ചിൽ നടത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ്, സെക്രട്ടറി എം.മജീദ് എന്നിവർ ആവശ്യപ്പെട്ടു.