കൊച്ചി: കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിൽ പുതിയ പെട്രോൾ പമ്പ് തുടങ്ങുന്നതിനെതിരെ ഹർജി നൽകിയ രണ്ടു പേർ തങ്ങൾ പമ്പുടമകളാണെന്നതു മറച്ചുവച്ചെന്ന് കണ്ടെത്തിയ ഹൈക്കോടതി ഇരുവരും 25,000 രൂപ വീതം പിഴയൊടുക്കാൻ ഉത്തരവിട്ടു. ശൂരനാട് സ്വദേശി എസ്. സൈനുദ്ദീൻ പമ്പു തുടങ്ങുന്നതിനെതിരെ ഹർജി നൽകിയ ശൂരനാട് കാക്കക്കുന്ന് സ്വദേശി എം.എസ്. ജയചന്ദ്രൻ, ഇരവിച്ചിറ സ്വദേശി വൈ. അഷറഫ് എന്നിവർക്കാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ പിഴചുമത്തിയത്.
ഇവർ ബിസിനസ് താത്പര്യം സംരക്ഷിക്കാൻ കോടതിയെ കരുവാക്കുകയായിരുന്നെന്നും ഇത്തരത്തിൽ കോടതിനടപടികൾ ദുരുപയോഗം ചെയ്യുന്നതു തടയാനാണ് പിഴയൊടുക്കാൻ ഉത്തരവിടുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.
പോരുവഴിയിൽ ദേശീയപാതയോടു ചേർന്ന് പെട്രോൾ പമ്പു തുടങ്ങാൻ സൈനുദ്ദീന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അനുമതി നൽകിയിരുന്നു. പമ്പിലേക്കുള്ള വഴിക്കും അനുമതി നൽകി. എന്നാൽ വഴിക്ക് അനുമതി നൽകിയതു കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ തന്നെ മാർഗ നിർദ്ദേശങ്ങൾക്കു വിരുദ്ധമാണെന്നാരോപിച്ചാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഇതിൽ കഴമ്പില്ലെന്ന് സിംഗിൾബെഞ്ച് വിലയിരുത്തി. പെട്രോൾ പമ്പുള്ള കാര്യം മറച്ചുവച്ച് ഹർജിക്കാർ സാധാരണ ഹർജിക്കാരായി ഹൈക്കോടതിയെ സമീപിച്ചത് അനുചിതമാണ്. പഞ്ചായത്തിൽ നിന്ന് ബിൽഡിംഗ് പെർമിറ്റ് ലഭിക്കാതെ പമ്പിന്റെ നിർമ്മാണം തുടങ്ങരുതെന്ന് സൈനുദ്ദീനോടു ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പഞ്ചായത്ത് നേരത്തെ പെട്രോൾ പമ്പ് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇതിനെതിരെ സൈനുദ്ദീൻ നൽകിയ ഹർജിയും പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ മറികടന്ന് പമ്പ് നിർമ്മിക്കുന്നുവെന്നാരോപിച്ച് ശൂരനാട് സ്വദേശി അഭയചന്ദ്രൻ നൽകിയ ഹർജിയും പരിഗണിച്ചാണ് സിംഗിൾബെഞ്ച് ഇൗ നിർദ്ദേശം നൽകിയത്.