മൂവാറ്റുപുഴ: മുടവൂർ പാടശേഖരത്തിൽ നൂറുമേനി വിളവ്. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് നെൽ കൃഷിയുടെ വിളവെടുപ്പ് നടത്തിയത്. കഴിഞ്ഞ ഡിസംബർ 30ന് കൃഷി വകുപ്പ് മന്ത്രി.അഡ്വ. വി.എസ്.സുനിൽ കുമാർ ഞാറ് നട്ടാണ് കൃഷിയിറക്കിയത്. പായിപ്ര ഗ്രാമപഞ്ചായത്തിലെ മുടവൂർ പാടശേഖരത്തിലെ 200 ഏക്കറോളം വരുന്ന സ്ഥലം കാൽനൂറ്റാണ്ടുകളായി തരിശായി കിടക്കുകയായിരുന്നു. തരിശ് രഹിത മൂവാറ്റുപുഴ ക്യാമ്പയിന്റെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും പായിപ്ര ഗ്രാമപഞ്ചായത്തിന്റെയും സഹായത്തോടെ സുഭിക്ഷകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തരിശിൽ നൂറ് മേനി വിളയിക്കാൻ എൽദോ എബ്രാഹാം എം.എൽ.എയും പായിപ്ര ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും, കർഷകരും മുന്നിട്ടിറങ്ങിയത്. തൃശൂർ അളകപ്പ പഞ്ചായത്തിലെ സുവർണ ഹരിതസേനയുടെ പങ്കാളത്തതോടെയാണ് തരിശായി കിടന്ന നിലങ്ങൾ കൃഷി യോഗ്യമാക്കിയത്. നൂറ് കണക്കിന് തൊഴിലാളികളുടെയും നേതൃത്വത്തിലാണ് കൃഷിയ്ക്കായി നിലമൊരുക്കിയതും നെല്ല് കൊയ്തെടുക്കുന്നതും. കൃഷി അസിസ്റ്ററ്റ് ഡയറക്ടർ ടാനി തോമസിന്റെ നേതൃത്യത്തിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ,പഴയ കാല മുതർന്ന കർഷകരും പങ്കെടുത്തു. ഉമ ഇനത്തിൽപെട്ട നെല്ലാണ് കൃഷി ചെയ്തത്. ഇടയ്ക്കിടെ പെയ്യുന്ന വേനൽ മഴ കൊയ്ത്തിനെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തൊഴിലാളികളെ ഉപയോഗിച്ചാണ് നെല്ല് കൊയ്‌തെടുക്കുന്നത്. മുടവൂർ പാടശേഖരത്തെ നെല്ല് വിളവെടുത്തത് എൽദോ എബ്രഹാം എം.എൽ.എ സന്ദർശിച്ചു.