കൊച്ചി: വിവാദ ചോദ്യപേപ്പർ തയ്യാറാക്കിയെന്നാരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ രണ്ടാം ഘട്ട വിചാരണയുടെ ഭാഗമായുള്ള സാക്ഷിവിസ്താരം വിചാരണക്കോടതി മേയ് അഞ്ചിലേക്ക് മാറ്റി. സജിൽ, നാസർ, മൊയ്‌തീൻ കുഞ്ഞ് എന്നീ പ്രതികൾക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്നാണ് നടപടി. നേരത്തെ ഇൗ കേസിൽ 13 പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. ഇൗ സമയത്ത് ഒളിവിലായിരിക്കുകയും 2015 നുശേഷം പിടിയിലാവുകയും ചെയ്ത 11 പ്രതികളാണ് രണ്ടാം ഘട്ടത്തിൽ വിചാരണനേരിടുന്നത്. ഒന്നാം പ്രതി സവാദ് ഇപ്പോഴും ഒളിവിലാണ്. പ്രവാചകനെ അപകീർത്തിപ്പെടുത്തുന്നതരത്തിൽ ചോദ്യപേപ്പർ തയ്യാറാക്കിയെന്ന് ആരോപിച്ച് 2010 ജൂലായ് ആറിനാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. രണ്ടാം ഘട്ടത്തിൽ എം.കെ. നാസർ, ഷെഫീഖ്, നജീബ്, സജിൽ, ആസിസ് ഒാടക്കാലി, മുഹമ്മദ് റാഫി, ടി.പി. സുബൈർ, എം.കെ. നൗഷാദ്, മൻസൂർ, പി.പി. മെയ്തീൻ കുഞ്ഞ്, പി.എം. അയൂബ് എന്നീ പ്രതികളാണ് എൻ.ഐ.എ കോടതിയിൽ വിചാരണനേരിടുന്നത്.