കൊച്ചി: ഭാരതീയ ജനതാ മഹിളാ മോർച്ച കേരള ഘടകത്തിന്റെ നേതൃത്വത്തിൽ എറണാകുളം ഐ. എം. എ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഒ.എം. ശാലീന രക്തം നൽകി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പത്മജ.എസ്. മേനോൻ, ജില്ലാ അദ്ധ്യക്ഷ രമാദേവി തോട്ടുങ്കൽ എന്നിവർ നേതൃത്വം നൽകി. 18 വയസ്സിന് മുകളിലുള്ളവർ കൊവിഡ് വാക്സിനേഷൻ എടുക്കുന്ന സമയത്ത് രക്തത്തിന്റെ ലഭ്യത കുറയുമെന്നത് മുൻകൂട്ടി കണ്ടാണ് മഹിളാ മോർച്ച രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലാ ജനറൽ സെക്രട്ടറി ലേഖ നായിക്, കൊച്ചി മണ്ഡലം സെക്രട്ടറി ജെസ്സി സേവ്യർ, കുന്നത്തുനാട് സെക്രട്ടറി ശ്രീജ ലാൽജി തുടങ്ങി നിരവധി പ്രവർത്തകർ രക്തം ദാനം ചെയ്തു. ഐ.എം.എ ബ്ലഡ് ബാങ്ക് ഇൻ ചാർജായ ഡോ. ഏബ്രഹാം വർഗ്ഗീസ് രക്തദാനം ചെയ്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.