കൊച്ചി: എറണാകുളം നഗരമദ്ധ്യത്തിൽ മദ്യലഹരിയിൽ അഴിഞ്ഞാടിയ യുവാക്കൾ പൊലീസ് പിടിയിലായി. മട്ടാഞ്ചേരി സ്വദേശി അൽത്താഫ് (22), മുളവുകാട് സ്വദേശി അമൽ റിഫാസ് (22) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് എറണാകുളം ഹൈക്കോടതിന് സമീപത്തെ ബീവറേജസ് ഒൗട്ട് ലെറ്റിന് മുന്നിലായിരുന്നു സംഭവം. യാത്രക്കാർക്ക് നേരെ ബ്ലേഡ് വീശിയും മറ്റും അക്രമം അഴിച്ചുവിട്ടതോടെ വ്യാപാരികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എറണാകുളം സെൻട്രൽ എസ്.ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സാഹസികമായാണ് ഇരുവരേയും പിടികൂടിയത്.
2020 ജനുവരിയിൽ ഇവർ മറൈൻഡ്രൈവിലും സമാനമായി ഭീകരാന്തരീക്ഷം ഉണ്ടാക്കിയിരുന്നു. അന്നും യാത്രക്കാർക്ക് നേരെ കത്തിവീശുകയും കുപ്പികൊണ്ട് സ്വയം തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. അന്നും പ്രതികളെ പൊലീസ് സാഹസികമായാണ് കീഴ്പ്പെടുത്തിയത്.