കൊച്ചി: വൈറ്റില ശ്രീരാമകൃഷ്ണാശ്രമം അദ്ധ്യക്ഷൻ സ്വാമി ശാന്തിമയാനന്ദ (60) സമാധിയായി. കൊവിഡിനെ തുടർന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പച്ചാളം ശാന്തികവാടത്തിൽ നടത്തി. ആന്ധ്ര സ്വദേശിയായ സ്വാമി ശാന്തിമയാനന്ദ 28 വർഷം ബംഗളൂരു ആശ്രമത്തിലാണ് പ്രവർത്തിച്ചത്. രാമകൃഷ്ണ മഠത്തിന്റെ ആഗോള ഉപാദ്ധ്യക്ഷനായിരുന്ന സ്വാമി തപസ്യാസനന്ദ മഹാരാജിന്റെ ശിഷ്യനാണ്. മികച്ച ഇംഗ്ളീഷ് പ്രഭാഷകനായിരുന്ന സ്വാമിക്ക് അഞ്ച് ഭാഷകളിൽ പാണ്ഡിത്യമുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ലുസാക്കയിലെ ആശ്രമത്തിലും ദീർഘനാൾ ഉണ്ടായിരുന്നു. പിന്നീട് കോയമ്പത്തൂർ, ആന്ധ്രയിലെ രാജമുണ്ഡ്രി ആശ്രമങ്ങളിലും പ്രവർത്തിച്ചു. രണ്ട് വർഷം മുമ്പാണ് വൈറ്റില ആശ്രമാധിപതിയായി എത്തിയത്.
പനിയെ തുടർന്ന് ഏപ്രിൽ 13ന് അമൃതയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു.