ആലുവ: കൊവിഡ് രോഗികളുടെ എണ്ണം ഭയാനകമായി വർദ്ധിച്ചിട്ടും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കാത്ത കീഴ്മാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നടപടി പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി കീഴ്മാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ ആരോപിച്ചു. പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 300 പിന്നിട്ടിട്ടും എഫ്.എൽ.ടി.സി ആരംഭിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കൊവിഡിന്റെ ആദ്യഘട്ട വ്യാപനത്തിൽ എഫ്.എൽ.ടി.സിക്ക് ലഭിച്ച സാധനസാമഗ്രികൾ നിലവിലുണ്ടായിട്ടും ഇക്കുറി സെന്റർ തുടങ്ങിയിട്ടില്ല. എം.ആർ.എസ് സ്കൂളിൽ പരീക്ഷ നടക്കുകയാണെന്ന് കാരണം പറയുന്നത് രക്ഷപ്പെടൽ തന്ത്രമാണ്. കമ്മ്യൂണിറ്റി ഹാൾ ഉൾപ്പെടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം എഫ്.എൽ.ടി.സിക്കായി പരിഗണിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.