കൊച്ചി: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ക്ലാസ് നടത്തിയ വിദ്യാഭ്യാസസ്ഥാപനം പൊലീസ് അടച്ചുപൂട്ടി. തേവരയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സിവിൽ ഏവിയേഷൻ ആൻഡ് എയ്റോ സ്പേസ് റിസർച്ചാണ് എറണാകുളം സൗത്ത് പൊലീസ് പൂട്ടിയത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നാൽപ്പതോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഇന്നലെ രാവിലെ ഇവിടെ ക്ലാസ് നടത്തിയിരുന്നു. എറണാകുളം സ്വദേശിയായ സ്ഥാപന ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസ് നടപടികൾ പൂർത്തിയാക്കാതെ സ്ഥാപനത്തിന് ഇനി തുറന്ന് പ്രവർത്തിക്കാൻ കഴിയില്ല. പ്രോട്ടോക്കോൾ ലംഘിച്ചതിന് 5000 രൂപ പിഴയും ഈടാക്കും. ഉടമയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കോഴ്‌സ് സംബന്ധമായ ക്ലാസുകൾ ഓൺലൈനിൽ സാദ്ധ്യമല്ലാത്തതിനാലാണ് സ്ഥാപനം തുറന്നതെന്നാണ് സ്ഥാപന ഉടമയുടെ വാദം. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർശനമായ നിർദേശം മുൻകൂട്ടി നൽകിയിട്ടുള്ളതിനാലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.