കൊച്ചി: കണ്ണാടി പോലെ സുന്ദരമായിക്കിടന്ന എം.ജി.റോഡ് കുത്തിപ്പൊളിച്ച് നാശമാക്കുന്നു. മാധവഫാർമസി ജംഗ്ഷനിൽ നിന്ന് ഇടതുവശത്തുകൂടെ കെ.എസ്.ഇ.ബിയുടെ ഭൂഗർഭ കേബിളിടാനാണ് ഈ കൊലച്ചതി.
മെട്രോപണിയുടെ ഭാഗമായി ബി.എം.ബി.സി രീതിയിൽ ഡി.എം.ആർ.സിയും കെ.എംആർ.എല്ലും മനോഹരമായി ടാർ ചെയ്ത് റോഡ് അലങ്കോലമാക്കുന്നത് കണ്ട് വിഷമിക്കുകയാണ് യാത്രികരും വ്യാപാരികളും.
മാധവഫാർമസി മുതൽ മെഡിക്കൽ ട്രസ്റ്റ് വരെയാണ് റോഡ് തുരക്കുന്നത്. 30 മീറ്റർ അകലത്തിൽ കുഴികുത്തി ഡ്രില്ല് ചെയ്താണ് രാത്രി കേബിൾ വലിക്കുന്നത്. കുഴി മൂടലൊക്കെ കണക്കാണ്. മണ്ണ് വലിച്ചുകൂനകൂട്ടി പോവുകയാണ് കരാറുകാർ. ജെ.സി.ബി വച്ച് കുഴിച്ച് മാറ്റുന്ന ടാർ അവശിഷ്ടങ്ങൾ റോഡരികിൽ തന്നെ കൂട്ടിയിടുകയാണ്. മുൻഓർമ്മയിൽ വരുന്ന വാഹനങ്ങൾ, വിശേഷിച്ച് ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് കഷ്ടപ്പെട്ടാണ് പോകുന്നത്. മെട്രോ പണിയുടെ അടുക്കും ചിട്ടയും മാന്യതയും കണ്ട നഗരവാസികൾ പൊതുമരാമത്ത് വകുപ്പിന്റെ പഴഞ്ചൻ രീതികൾ വീണ്ടും ആവർത്തിക്കുന്നത് നോക്കി മുഖം കുനിക്കുന്നു.
റോഡിന് നടുവിൽ ബോർഡ് അലക്ഷ്യമായി ഒരു ബോർഡു വച്ചത് മാത്രമാണ് ആകെയുള്ള മര്യാദ. ഇത്തരമൊരു ബോർഡാണ് ഒരു വർഷം മുമ്പ് പാലാരിവട്ടത്ത് വച്ച് യദുലാൽ എന്ന യുവാവിന്റെ ജീവനെടുത്തത്. എന്നിട്ടും പഠിക്കാതെയാണ് അപരിഷ്കൃത തന്ത്രങ്ങളുമായി വീണ്ടും തിരക്കേറിയ എം.ജി റോഡിൽ പണി നടത്തുന്നത്.
റോഡ് പൂർവസ്ഥിതിയിലാക്കാൻ കെ.എസ്.ഇ.ബി പൊതുമരാമത്ത് വകുപ്പിൽ പണം അടച്ചിട്ടുണ്ട്. ഇനി പൊതുമരാമത്ത് കരാറുകാരന്റെ വിക്രിയകളാകും അരങ്ങേറുക. സിംപിളായി പറഞ്ഞാൽ എം.ജി.റോഡ് ഇനി പഴയ എം.ജി റോഡാവാൻ ബുദ്ധിമുട്ടാണ്.