k-muhammedali

ആലുവ: നിയമസഭ തിരഞ്ഞെടുപ്പിൽ ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ആലുവയിലെ മുതിർന്ന കോൺഗ്രസ് നേതാവും 27 വർഷത്തോളം എം.എൽ.എയുമായിരുന്ന കെ. മുഹമ്മദാലിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പിള്ളി രാമചന്ദ്രന് പരാതി.

ഡി.സി.സി ജനറൽ സെക്രട്ടറിയും ചൂർണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ഐ ഗ്രൂപ്പ് നേതാവുമായ ബാബു പുത്തനങ്ങാടിയാണ് കെ.പി.സി.സിക്കും ഡി.സി.സിക്കും പരാതി നൽകിയത്. ആലുവ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മരുമകൾ ഷെൽന നിഷാദിനെ വിജയിപ്പിക്കുന്നതിനായി പരസ്യമായും രഹസ്യമായും കെ. മുഹമ്മദാലി പ്രവർത്തിച്ചെന്നാണ് പരാതി. ഷെൽന നിഷാദിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കെട്ടിവെയ്ക്കാനുള്ള പണം നൽകിയത് മുഹമ്മദാലിയാണ്. ഇത് സംബന്ധിച്ച് മാദ്ധ്യമങ്ങൾ ചിത്രം സഹിതം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ ഷെൽനക്ക് വോട്ട് ചെയ്യണമെന്ന് നിരവധി കോൺഗ്രസ് അനുഭാവികളെ ഫോണിൽ വിളിച്ച് അഭ്യർത്ഥിച്ചു.

വോട്ടെടുപ്പ് ദിനത്തിൽ പോളിംഗ് ബൂത്തിൽ വച്ച് ഇടത് സർക്കാരിന് തുടർ ഭരണം ലഭിക്കുമെന്നും അതിന്റെ ഗുണം ആലുവയിൽ ഉണ്ടാകുമെന്നും ഷെൽന വിജയിക്കുമെന്നും മാദ്ധ്യമ പ്രവർത്തകരോട് പങ്കുവച്ചു. ഇത് സംബന്ധിച്ച വാർത്തയും മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിച്ചു. 27 വർഷക്കാലം എം.എൽ.എയാകാൻ അവസരം നൽകിയ പാർട്ടിയെയാണ് എ.ഐ.സി.സി അംഗമായിരുന്ന കെ. മുഹമ്മദാലി വഞ്ചിച്ചത്. ഈ സാഹചര്യത്തിൽ കെ. മുഹമ്മദാലിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ അൻവർ സാദത്തിന്റെ ചീഫ് തിരഞ്ഞെടുപ്പ് ഏജന്റ് കൂടിയായ ബാബു പുത്തനങ്ങാടിയുടെ ആവശ്യം.

അൻവർ സാദത്തിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞുവെന്ന് സൂചിപ്പിച്ചാണ് കത്ത് ആരംഭിക്കുന്നത്. 2006ൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച എം.എം. യൂസഫാണ് കെ. മുഹമ്മദാലിയെ ആദ്യമായി പരാജയപ്പെടുത്തിയത്. ഇതോടെയാണ് 27 വർഷമായി ഉണ്ടായിരുന്ന എം.എൽ.എ പദവി മുഹമ്മദാലിക്ക് നഷ്ടമായത്. എം.ഒ. ജോണിന്റെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പുകാർ കാലുവാരി തോൽപ്പിച്ചതാണെന്നാരോപിച്ച് മുഹമ്മദാലി രംഗത്തെത്തിയെങ്കിലും ആർക്കെതിരെയും പാർട്ടി തല നടപടി ഉണ്ടായില്ല. ഇതിൽ പ്രകോപിതനായ മുഹമ്മദാലി സാവധാനം പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2011ൽ അൻവർ സാദത്തിനെ ഇറക്കി മണ്ഡലം കോൺഗ്രസ് തിരിച്ചുപിടിച്ചെങ്കിലും കെ. മുഹമ്മദാലി അപ്പോഴേക്കും പൊതുപ്രവർത്തന രംഗത്ത് നിന്നും ഏകദേശം അപ്രത്യക്ഷമായിരുന്നു.