jail

കൊച്ചി: കൊവിഡ് പ്രശ്നം ജില്ലയിലെ ജയിലുകളെയും ദുരിതത്തിലാക്കി. കാക്കനാട് ജില്ലാ ജയിലും ആലുവ, എറണാകുളം, മട്ടാഞ്ചേരി, മൂവാറ്റുപുഴ സബ് ജയിലുകളും കാക്കനാട് ബോസ്റ്റൽ സ്കൂളുമാണ് ജയിൽവകുപ്പിന് കീഴിൽ ജില്ലയിലുള്ള തടവറകൾ.

ഇതിൽ ജില്ലാ ജയിലിലും എറണാകുളം സബ് ജയിലിലുമായി 73 തടവുകാർക്ക് കൊവിഡ് ബാധയുണ്ട്. ഏഴ് ജയിൽ ജീവനക്കാരും രോഗബാധയിലാണ്. രോഗികളായ തടവുകാരെ കൈകാര്യം ചെയ്യാൻ വലയുകയാണ് ജീവനക്കാർ.

കാക്കനാട് ജില്ലാ ജയിലിലെ സ്ഥിതിയാണ് ഗുരുതരം. ആകെയുള്ള 182 തടവുകാരിൽ 60 പുരുഷന്മാർ കൊവിഡ് ബാധിതരാണ്. 28 അസി. പ്രിസൺ ഓഫീസർമാരിൽ നാലുപേർക്കും എട്ട് ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരിൽ രണ്ട് പേർക്കും കൊവിഡ് ബാധയുണ്ടായി. ഇതേ തുടർന്ന് ജയിലിലെ അടുക്കളയും പൂട്ടി. ജയിലിൽ ഒരു ഡോക്ടറും ഫാർമസിസ്റ്റും ഡ്യൂട്ടിയിലുണ്ടെന്നത് മാത്രമാണ് സമാധാനം.

രോഗികളായ തടവുകാരെ രണ്ട് വലിയ സെല്ലുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ രണ്ട് പേരെ പറവൂർ എഫ്.എൽ.ടി.സിയിലേക്കയച്ചിരുന്നു. ഇതിൽ ഒരാൾ ജാമ്യത്തിൽ പോയി.

ജയിലിലുള്ള രോഗിതടവുകാരിൽ അന്യസംസ്ഥാനക്കാരും കൊടും ക്രിമിനലുകളും മയക്കുമരുന്ന് അടിമകളും അക്രമകാരികളുമുണ്ട്. ഇവർ സംഘർഷങ്ങളും സൃഷ്ടിക്കുന്നുണ്ട്. അക്രമകാരികളല്ലാത്ത തടവുകാരുടെ സ്ഥിതി പരമദയനീയമാണ്.

പ്രശ്നക്കാരെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ജയിൽ ജീവനക്കാർ കഷ്ടപ്പെടുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ പകുതി ജീവനക്കാർ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. രോഗഭീതിയാൽ നേരിട്ട് ഇടപെടാനും കഴിയില്ല. പി.പി.ഇ കിറ്റ് ധരിച്ച് പൂർണസമയം ഡ്യൂട്ടിയിൽ നിൽക്കാനുമാകില്ല. അടുക്കള പൂട്ടിയതിനാൽ പുറത്തു ഹോട്ടലിൽ നിന്ന് നാലുനേരവും ഭക്ഷണം വരുത്തുകയാണ്. പൊതികളായി കൊണ്ടുവന്ന് തടവുകാർക്കെല്ലാം കൈമാറും.

 എറണാകുളം സബ് ജയിലിൽ 13 പേർക്ക് കൊവിഡ്

എറണാകുളം സബ് ജയലിലിലെ 13 തടവുകാർ കൊവിഡ് പോസിറ്റീവായി. ഇവരെ ജയിലിൽ തന്നെ സെല്ലുകളിൽ മാറ്റി പാർപ്പിച്ചിരിക്കുകയാണ്.

 ബോസ്റ്റൽ സ്കൂളിൽ രണ്ട് പേർക്ക്

പ്രായപൂർത്തിയാകാത്ത കുറ്റവാളികളെ താമസിപ്പിച്ചിരുന്ന കാക്കനാട് ബോസ്റ്റൽ സ്കൂൾ ഇപ്പോൾ ജയിൽ വകുപ്പിന്റെ എഫ്.എൽ.ടി.സിയാണ്. റിമാൻഡ് പ്രതികളെ ഇവിടെ താമസിപ്പിച്ച് കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാൽ മാത്രമാണ് ജയിലിലേക്ക് അയക്കുന്നത്. ഇപ്പോഴുള്ള 60 തടവുകാരിൽ രണ്ട് പേർ കൊവിഡ് പൊസിറ്റീവാണ്.

 ആലുവയിൽ ഒരു ജീവനക്കാരന് രോഗബാധയുണ്ട്. ഇയാൾ വീട്ടിൽ ചികിത്സയിലാണ്. തടവുകാരെല്ലാം സുരക്ഷിതരാണ്.

ജില്ലാ ജയിലിലെ സ്ഥിതി

 ആകെ തടവുകാർ : 182

 കൊവിഡ് ബാധിതർ : 60

 ജീവനക്കാർ

സൂപ്രണ്ട് : 1

ജയി​ലർ : 1

അസി​. ജയി​ലർ : 5

ഡെപ്യൂട്ടി​ പ്രി​സൺ​ ഓഫീസർ : 5

അസി. പ്രിസൺ ഓഫീസർ : 28