കോലഞ്ചേരി: തെളിഞ്ഞാൽ പിന്നെ അണയില്ല. അണഞ്ഞാൽ പിന്നെ തെളിയുകയുമില്ല. ഗ്രാമീണ മേഖലകളിലെ പകുതിയിലധികം വഴിവിളക്കുകളുടെയും സ്ഥിതിയാണിത്. തനിയെ പ്രവർത്തിക്കുന്നതിന് കെ.എസ്.ഇ.ബി സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റ് കൺട്രോളറുകളാണ് വില്ലന്മാരാകുന്നത്. പകുതിയിലധികവും തെരുവ് വിളക്ക് കൺട്രോളറുകളുടേയും കൺട്രോൾ പോയ നിലയിലാണ്. കൺട്രോൾ യൂണിറ്റുകൾ പ്രവർത്തന രഹിതമായതോടെ പല സ്ഥലങ്ങളിലും വഴിവിളക്കുകൾ പകലും തെളിഞ്ഞുകിടക്കുന്നത് പതിവായി.
വഴിവിളക്ക് തെളിക്കാൻ പ്രദേശവാസികൾ
ചിലയിടങ്ങളിൽ പഴയരീതിയിൽ ഫ്യൂസ് സ്ഥാപിച്ച് വിളക്കുകൾ പ്രവർത്തിപ്പിക്കാൻ തുടങ്ങി. എന്നാൽ ഇതിനായി പലപ്പോഴും വകുപ്പിലെ ജീവനക്കാർ എത്തുന്നില്ല. നാട്ടുകാരെയാണ് ഇത് ഏൽപ്പിച്ചിരിക്കുന്നത്. ഇത് നിയമപരവുമല്ല. മഴക്കാലത്ത് ഫ്യൂസ് കുത്തുകയും ഊരുകയും ചെയ്യുന്നത് അപകടമുണ്ടാക്കുന്നതിനാൽ പലയിടത്തും വിളക്കുകൾ ഈ സമയത്ത് കത്തിക്കാറുമില്ല. തെളിഞ്ഞവ യഥാസമയം അണയ്ക്കാതെ വൈദ്യുതിയും പാഴാവുന്നു.
സ്ട്രീറ്റ് ലൈറ്റ് കൺട്രോളറുകൾ പണിമുടക്കിൽ
പോസ്റ്റുകളിൽ ഫ്യൂസുകൾ സ്ഥാപിച്ച് വഴിവിളക്കുകൾ തെളിക്കുമ്പോൾ ഉണ്ടായിരുന്ന അപകടങ്ങളും അണയ്ക്കാതെ കിടക്കുമ്പോൾ ഉണ്ടാകുന്ന വൈദ്യുതിനഷ്ടവും ഒഴിവാക്കാൻ 2011 മുതലാണ് ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് കൺട്രോളറുകൾ ഏർപ്പെടുത്തിയത്. വൈദ്യുതിബോർഡും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പകുതിച്ചെലവുവീതം വഹിച്ചാണ് പദ്ധതി നടപ്പാക്കിയത്. 2016 ഓടെ സംവിധാനം വ്യാപകമായി ഏർപ്പെടുത്തി. പോസ്റ്റുകളിൽതന്നെ സ്ഥാപിക്കുന്ന കൺട്രോൾ സിസ്റ്റത്തിന്റെ ഗ്യാരന്റി അഞ്ച് കൊല്ലമായിരുന്നു. എന്നാൽ ഇതിനു മുമ്പുതന്നെ പലതും കേടായി. ഓരോ സിസ്റ്റത്തിലും മീറ്റർ, സെൻസർ, ടൈമർ എന്നിവയാണുള്ളത്. വൈദ്യുതികമ്പികളിൽ കാറ്റിൽ മരക്കമ്പുകളും മറ്റും വീണ് ഷോർട്ട് സർക്യൂട്ട് ഉണ്ടാകുമ്പോഴാണ് കൺട്രോൾ സിസ്റ്റം കേടാവുന്നത്. എന്നാൽ അറ്റകുറ്റപ്പണി നടത്താൻ ഇവ സ്ഥാപിച്ച ഏജൻസികൾ തയ്യാറാവുന്നില്ല. ഇതു ചൂണ്ടിക്കാണിക്കുന്നതിനോ പ്രശ്‌നം പരിഹരിക്കാനോ അധികൃതരും തയ്യാറായിട്ടില്ല. ഇതോടെ വഴിവിളക്കുകൾ അനുസരക്കേട് തുടരുകയാണ്. ഒപ്പം വൈദ്യുതി നഷ്ടവും.