കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച സുപ്രീം കോടതി ജഡ്‌ജിയും കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസുമായ മോഹൻ എം. ശാന്തനഗൗഡർക്ക് കേരള ഹൈക്കോടതി ആദരാഞ്ജലി അർപ്പിച്ചു. ഇന്നലെ രാവിലെ ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ റഫറൻസിൽ ജസ്റ്റിസ് സി.ടി. രവികുമാർ, അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകരപ്രസാദ്, കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. ഹൈക്കോടതി ജഡ്ജിമാരടക്കമുള്ളവർ പങ്കെടുത്തു. 2016 സെപ്തംബർ 21 മുതൽ 2017 ഫെബ്രുവരി 17 വരെയാണ് ജസ്റ്റിസ് ശാന്തനഗൗഡർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചത്.