കൊച്ചി: സംഗീത സംവിധായകനും പിന്നണി ഗായകനുമായ അൽഫോൻസ് ജോസഫിന്റെ ക്രോസ് റോഡ്‌സ് സ്‌കൂൾ ഒഫ് മ്യൂസിക്കിന്റെ ലേണിംഗ് പാർട്ണറായി അവിഡ് ടെക്‌നോളജിയെ അംഗീകരിച്ചു. പൂനെയിൽ നടന്ന ചടങ്ങിൽ അൽഫോൻസ് ജോസഫ് അവിഡ് മാസ്റ്റർ പരിശീലകൻ ശ്രീധർ ദേശ്പാണ്ഡെയിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

ക്രോസ് റോഡ്‌സ് സ്‌കൂളിൽ നിന്ന് മ്യൂസിക് പ്രൊഡക്ഷൻ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് അവിഡ് സാക്ഷ്യപ്പെടുത്തുന്ന അംഗീകാരം ലഭിക്കും. സിനിമ, ടെലിവിഷൻ, സംഗീത മേഖലകളിലെ ഉപഭോക്താക്കളെയും മാദ്ധ്യമ സംരംഭങ്ങളെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെയും ടൂൾസിലൂടെയും ശാക്തീകരിക്കുന്ന അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയാണ് അവിഡ് ടെക്‌നോളജീസ്.
ആഗോള സംഗീത സാങ്കേതികവിദ്യയിൽ മുൻനിരക്കാരായ അവിഡ് ടെക്‌നോളജീസുമായി കൈകോർക്കുന്നതിൽ സന്തോഷമുണ്ടെന്ന് അൽഫോൻസ് ജോസഫ് പറഞ്ഞു. ക്രോസ്‌ റോഡ്‌സിന് ഇടപ്പള്ളി പത്തടിപ്പാലത്തെ പ്രധാന കാമ്പസിലും പനമ്പിള്ളിനഗറിലെ കാമ്പസിലുമായി അഞ്ഞൂറോളം വിദ്യാർത്ഥികൾ പരിശീലനം നൽകുന്നുണ്ട്.