pic
കുടുംബാരോഗ്യകേന്ദ്രത്തിന്റ അകത്തു വാഹനം വെറുതെകിടക്കുന്നു

കോതമംഗലം: അഡ്വ. ഡീൻ കുരിയാക്കോസ് എം.പി പ്രാദേശിക വികസന പദ്ധതി പ്രകാരം അനുവദിച്ച പാലിയേറ്റീവ് കെയർ വാഹനം കോട്ടപ്പടി പഞ്ചായത്ത്‌ അധികൃതർ ഡ്രൈവറില്ലെന്ന കാരണത്താൽ ഷെഡിൽ കയറ്റി ഇട്ടിട്ട് എഴുമാസംകഴിഞ്ഞു. 2020 ഒക്ടോബർ 12ന് കൊട്ടിഘോഷിച്ചു നടത്തിയ ഉദ്ഘാടന പരിപാടിക്കുശേഷം ഈ വാഹനം കുടുംബരോഗ്യകേന്ദ്രത്തിന്റെ അകത്ത് വെറുതേ ഇട്ടിരിക്കുകയാണ് .

കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് രോഗികളുടെ ആവശ്യങ്ങൾക്ക് വാഹനത്തിനായി നെട്ടോട്ടം ഓടുമ്പോഴാണ് പഞ്ചായത്ത് അധികൃതരുടെ ഈ ക്രൂരത. സ്വന്തമായി ഒരു വാഹനം കിട്ടിയിട്ടും രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാനും മറ്റും വാഹനം വാടകയ്ക്കെടുത്ത് ഓടിക്കുകയാണ് നിലവിൽ. വാഹനം സ്വമേധയാ ഓടിക്കാൻ നിരവധി ചെറുപ്പക്കാർ മുന്നോട്ടുവന്നിട്ടും അധികൃതർക്ക് അനക്കമില്ല. ഭരണസമിതി ഡ്രൈവറെ ഉടനെ നിയമിക്കുമെന്ന് പറയുന്നതല്ലാതെ തുടർനടപടിയില്ല.

ഇതിനൊരു പരിഹാരം തേടി മേലധികാരികളെ സമീപിക്കാൻ ഒരുങ്ങുകയാണ് കോട്ടപ്പടിക്കാർ.