മൂവാറ്റുപുഴ: ഗ്രന്ഥശാലകളുടെ നേതൃത്വത്തിലുള്ള അക്ഷരസേന അംഗങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങും. മൂവാറ്റുപുഴ താലൂക്കിലെ 63 ഗ്രന്ഥശാലകളിലും അക്ഷരസേന രൂപീകരിച്ചുകൊണ്ടാണ് പ്രവർത്തനം. ഭീതിയല്ല ജാഗ്രതയാണ് വേണ്ടതെന്ന സന്ദേശമാണ് ജനങ്ങളിലെത്തിക്കുന്നത്. ഇതോടൊപ്പം എല്ലാ ഗ്രന്ഥശാലകളിലും ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് പരസ്യപ്രചാരണങ്ങൾ നടത്തും. ഇനിയും വാക്സിനെടുക്കുവാനുള്ളവരുടെ വീട്ടിലെത്തി രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡുതല സമിതിയുടേയും ആരോഗ്യവകുപ്പിന്റേയും നിർദ്ദേശങ്ങൾ ജനങ്ങളിലെത്തിക്കുവാൻ അക്ഷരസേന അംഗങ്ങൾ രംഗത്തുണ്ടാകും.

കണ്ടെയിൻമെന്റ് സോണുകളിലും അല്ലാത്തിടത്തും വീടുകളിൽ പുസ്തകം എത്തിക്കുന്നതിനുള്ള ചുമതലയും ഏറ്റെടുക്കും. ബ്രേക്ക് ദി ചെയിൻ തുടരേണ്ടതിന്റേയും സാമൂഹ്യഅകലം പാലിക്കേണ്ടതിന്റെയും മാസ്ക് ശരിയായി ധരിക്കേണ്ടതിന്റേയും ആവശ്യം പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്ന ചുമതലയും ഏറ്റെടുത്ത് നടത്തുമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ അറിയിച്ചു.