കൊച്ചി: മുതിർന്ന സിനിമാ മാദ്ധ്യമപ്രവർത്തകനും ഫോട്ടോഗ്രാഫറുമായ ഹരി നീണ്ടകര (79) നിര്യാതനായി. സംസ്കാരം ഇന്ന് പനമ്പിള്ളിനഗർ പൊതുശ്‌മശാനത്തിൽ നടത്തും. പക്ഷാഘാതത്തെത്തുടർന്ന് എട്ടു മാസമായി കൊച്ചിയിലെ പാലിയേറ്റീവ് കെയർ സെന്ററിലായിരുന്നു. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു അന്ത്യം.
കൊല്ലം നീണ്ടകരയിൽ ജനിച്ചു. നീണ്ടകര സെന്റ് ആഗ്‌നസ് സ്‌കൂൾ, ശക്തികുളങ്ങര സെന്റ് ജോസഫ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചെറുപ്രായത്തിൽതന്നെ കവിതകളും ലേഖനങ്ങളും എഴുതിത്തുടങ്ങി. ചെന്നൈ ആയിരുന്നു കർമ്മമേഖല. സിനിരമ, മലയാളനാട്, നാന തുടങ്ങിയ പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി ചെന്നൈയിൽനിന്ന് നിരവധി സിനിമാ റിപ്പോർട്ടുകൾ തയ്യാറാക്കി. രാഘവൻ സംവിധാനം ചെയ്ത 'പുതുമഴ തുള്ളികൾ' എന്ന ചിത്രത്തിന്റെ നിശ്ചല ഛായാഗ്രഹണം നിർവഹിച്ചതും ഹരിയായിരുന്നു.
കവിത, ആദിശങ്കരാചാര്യർ, ഉത്സവം, തീർത്ഥയാത്ര, അങ്കത്തട്ട് തുടങ്ങിയ ചിത്രങ്ങളുടെ പി.ആർ.ഒ ആയിരുന്നു. ഉത്സവം, മരം, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. ഭാര്യ: പരേതയായ വിജയ. മക്കൾ: വിജുദാസ്, വിദ്യ.