കൊച്ചി: നഗരത്തിലെ ശുചീകരണതൊഴിലാളികൾ ആകെ ഭീതിയിലാണ്. കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്നതും കണ്ടെയിൻമെന്റ് സോണുകളുടെ എണ്ണം വർദ്ധിക്കുന്നതും ഇവരുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. കൊവിഡ് രോഗികളും ക്വാറന്റൈനിൽ കഴിയുന്നവരും ഉള്ള വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്ന ഇവർക്ക് ആവശ്യമായ സുരക്ഷ നൽകുന്നില്ലെന്ന് പരാതിയുണ്ട്. രോഗികളുള്ള വീടുകളിലെ ജൈവ, അജൈവ മാലിന്യങ്ങൾ പൊതുവായ കൂട്ടത്തിൽ നിക്ഷേപിക്കാതെ മാറ്റി വയ്ക്കണമെന്ന നിർദ്ദേശം അനുസരിക്കാൻ ആളുകൾ തയ്യാറാകാത്തത് രോഗവ്യാപനത്തിന് വഴി വയ്ക്കുമെന്ന് തൊഴിലാളികൾ പറയുന്നു.
കടുംബശ്രീ പ്രവർത്തകരാണ് ശുചീകരണതൊഴിലാളികളിൽ അധികംപേരും.കൊവിഡിന്റെ ഒന്നാംഘട്ടത്തിൽ കോർപ്പറേഷൻ അധികൃതരും സാമൂഹ്യസന്നദ്ധ സംഘടനകളും ഇവർക്ക് ഗ്ളൗസ്, മാസ്ക്, സാനിറ്റൈസർ എന്നിവ സംഭാവന ചെയ്തിരുന്നു. എന്നാൽ രണ്ടാം തരംഗത്തിൽ ആരോഗ്യമേഖലയുടെ നട്ടെല്ലായ ഇവരെ അധികൃതർ കൈയൊഴിഞ്ഞ മട്ടാണ്.
കണ്ടെയിൻമെന്റ് സോണിലെ മാലിന്യനീക്കം
പശ്ചിമകൊച്ചി ഉൾപ്പെടെ നഗരത്തിന്റെ മിക്ക പ്രദേശങ്ങളും കണ്ടെയിൻമെന്റ് സോണുകളാണ്. ഇവിടെ ആഴ്ചയിൽ ഒരിക്കലാണ് മാലിന്യമെടുക്കുന്നത്. മാലിന്യശേഖരത്തിൽ അണുനശീകരണം നടത്തിയ ശേഷമാണ് ഇതു നീക്കം ചെയ്യുന്നത്. 21 ഹെൽത്ത് സർക്കിളുകളിലെയും എച്ച്.ഐമാരും (ഹെൽത്ത് ഇൻസ്പക‌്‌ടർ ) അതാത് ഡിവിഷൻ കൗൺസിലർമാരും ചേർന്നാണ് മാലിന്യനീക്കത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നത്.
കൊവിഡ് വാക്സിൻ ലഭിച്ചില്ല
ആരോഗ്യപ്രവർത്തകർ, പൊലീസ്, ശുചീകരണ തൊഴിലാളികൾ എന്നിവർക്കാണ് സർക്കാർ ആദ്യഘട്ടത്തിൽ കൊവിഡ് വാക്സിൻ നൽകിയത്. ആദ്യ ഡോസ് സൗജന്യമായി ലഭിച്ചു.എന്നാൽ രണ്ടാം ഡോസ് സ്വകാര്യ ആശുപത്രികളിൽ നിന്നെടുക്കേണ്ടി വന്നത് ഇവർക്ക് തിരിച്ചടിയായി. 250 രൂപ ചെലവഴിക്കാൻ നിർവാഹമില്ലാത്തതിനാൽ വാക്സിൻ വേണ്ടെന്നു വച്ചവരുമുണ്ട്. കരാർ തൊഴിലാളികൾക്ക് വാക്സിൻ ലഭിച്ചില്ലെന്ന് പരാതിയുണ്ട്. അടുത്തകാലത്ത് ഹീൽ പദ്ധതിക്കും കൊതുക് നശീകരണ പ്രവർത്തനങ്ങൾക്കും വേണ്ടി 400 കരാർ തൊഴിലാളികളെ കോർപ്പറേഷൻ റിക്രൂട്ട് ചെയ്തിരുന്നു.ഇർവക്കും വാക്സിൻ നിഷേധിക്കപ്പെട്ടു.
യോഗം വിളിക്കണം
ഗ്ളൗസും ബൂട്ട്സും ഉൾപ്പെടെയുള്ള സുരക്ഷാ സാമഗ്രികൾ തൊഴിലാളികൾക്ക് ലഭിച്ചിട്ട് വർഷം മൂന്നു കഴിഞ്ഞു. വി.കെ. മിനിമോൾ ആരോഗ്യസ്ഥിരംസമിതി അദ്ധ്യക്ഷയായിരുന്നപ്പോൾ എല്ലാമാസവും ശുചീകരണ തൊഴിലാളികളുടെ യോഗം വിളിച്ച് പരാതികൾ തീർപ്പാക്കിയിരുന്നു. എന്നാൽ അവർ സ്ഥാനം ഒഴിഞ്ഞശേഷം കോർപ്പറേഷൻ അധികൃതരുമായി ഒരു സംസാരവും ഉണ്ടായിട്ടില്ല. തൊഴിലാളികൾക്ക് എല്ലാ വർഷവും സൗജന്യ ആരോഗ്യ പരിശോധന നടത്തുമെന്ന് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നടപ്പായില്ല. അഡ്വ.എം.അനിൽകുമാർ മേയറായതോടെ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും പാഴായി. ശുചീകരണ തൊഴിലാളി യൂണിയനുകളുടെ യോഗം വിളിക്കാൻ മേയർ സമയം കണ്ടെത്തണം.
അഡ്വ.ടി.ബി.മിനി
ടി.യു.സി.ഐ യൂണിയൻ പ്രസിഡന്റ്