shibu
സി.പി.എം ബ്രാഞ്ച് ഒരുക്കിയ റെഡ് കെയർ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കെ .കെ .ഷിബു നിർവഹിക്കുന്നു.

അങ്കമാലി: കൊവിഡ് പരിശോധനയ്ക്ക് വാഹനമൊരുക്കി സി.പി.എം നായത്തോട് സൗത്ത് ബ്രാഞ്ച് മാതൃകയായി. നിർദ്ധനർക്ക് സൗജന്യമായും മറ്റുള്ളവർക്ക് നാമമാത്ര നിരക്കിലും ഇരുപത്തിനാല് മണിക്കൂറും സേവനം ലഭ്യമാക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് വാഹനത്തിന്റെ അകം സജ്ജീകരിച്ചിരിക്കുന്നത്. നായത്തോട് പ്രദേശത്തെ അഞ്ച് മുനിസിപ്പൽ വാർഡുകളിലുള്ളവർക്കാണ് ആദ്യഘട്ടത്തിൽ സേവനം ഉറപ്പാക്കുക. നെടുമ്പാശേരി പാലസ് ഫുഡ് കോർട്ടിന്റെ സഹകരണത്തോടെയാണ് 'റെഡ് കെയർ ' എന്ന് പേരിട്ട ഈ പദ്ധതി നടപ്പാക്കുന്നത്.

സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ. ഷിബു വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. ലോക്കൽ സെക്രട്ടറി കെ .ഐ .കുര്യാക്കോസ് അദ്ധ്യക്ഷനായി. നഗരസഭ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ടി.വൈ. ഏല്യാസ്, കൗൺസിലർ രജനി ശിവദാസൻ, പാലസ് ഫുഡ് കോർട്ട് പ്രതിനിധി ജെൻസൻ പൈനാടത്ത് , ജിജോ ഗർവാസീസ്, പി.ആർ. റെജീഷ് തുടങ്ങിയവർ സംസാരിച്ചു. പി.വി. ജോണി ആലുക്ക മകന്റെ വിവാഹ സത്കാരത്തിന്റെ ചെലവുചുരുക്കി മിച്ചംവന്ന തുകയിൽനിന്ന് സംഭാവന നൽകിയത് 'റെഡ് കെയർ ' പദ്ധതിക്ക് കൈത്താങ്ങായി.