ആലുവ: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പടിഞ്ഞാറെ കടുങ്ങല്ലൂർ മുണ്ടോപ്പാടത്ത് നെൽക്കൃഷി വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തിൽ, സഹകരണ ബാങ്ക് പ്രസിഡൻറ് എ.ജി. സോമാത്മജൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
കൃഷി അസിസ്റ്റൻറ് എസ്. ഗുരുമിത്രൻ, പാടശേഖരസമതി ഭാരവാഹികളായ വി.കെ. അൻവർ, പി. ഗോപാലകൃഷ്ണൻ, സുനിൽകുമാർ, കെ.സി. ജയൻ, എ.കെ. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഒരു ഹെക്ടർ സ്ഥലത്തെ കൃഷി ഇറക്കാൻ കൂലിചെലവ് ഇനത്തിൽ 22,000 രുപയും ആവശ്യമായ വിത്തും സബ്‌സിഡി നിരക്കിൽ വളവും പാടശേഖരസമതികൾക്ക് നൽകിയിരുന്നു. പടിഞ്ഞാറെ കടുങ്ങല്ലൂർ മുണ്ടകൻ പാടശേഖരസമതി 4.2 ഹെക്ടറിലും കിഴക്കെ കടുങ്ങല്ലൂർ ഏലപ്പാടം പാടശേഖരസമിതി 2.4 ഹെക്ടർ സ്ഥലത്തും കൃഷിയിറക്കി.
ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ നെൽക്കൃഷിക്കായി 10,76,200 രുപ വകയിരുത്തി ജില്ലാ ആസൂണസമിതിയുടെ അംഗീകാരം ലഭ്യമാക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ പറഞ്ഞു. നെൽക്കൃഷിക്കായി പടിഞ്ഞാറെ കടുങ്ങല്ലൂർ സഹകരണബാങ്ക് പലിശരഹിതവായ്പ നൽകുന്നുണ്ട്.