കാലടി: ഒരേക്കർ വിസ്തൃതമായ പൊതിയക്കര ചാൽക്കുളം കാൽനൂറ്റാണ്ടോളമായി പുല്ലും കുളവാഴയും തഴച്ചുവളർന്ന് കിടക്കുകയായിരുന്നു. ഇവിടെത്തെ 30 ഏക്കർ വരുന്ന പാടശേഖരത്തിൽ കടുത്ത വെള്ളക്കെട്ടുമൂലം വർഷങ്ങൾക്ക് മുമ്പേ കർഷകർ കൃഷി ഉപേക്ഷിച്ചിരുന്നു.
ഇവിടെ വീണ്ടും നൂറുമേനി വിളയിക്കാൻ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികൾക്ക് തുടക്കംകുറിച്ചു. ചാൽക്കളും നവീകരിക്കാനാരംഭിച്ചു.
180വർഷംമുമ്പ് പറയത്ത് മനക്കാർ ജലസേചനത്തിന് നിർമ്മിച്ചതാണ് ചാൽക്കുളം. വിസ്തൃതമായ കുളം ചെളിയും പായലും നിറഞ്ഞുകവിഞ്ഞു. അതിരുകൾ സുരക്ഷിതമാക്കുകയും നീർച്ചാൽ പുനർനിർമ്മിച്ച് മുഴുവൻ പാടശേഖരവും കൃഷിയോഗ്യമാക്കുന്നതിനുള്ള തുടർനടപടികൾ ബ്ലോക്ക് പഞ്ചായത്ത് ചെയ്തുവരുന്നു.
ടൂറിസത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം സിജോ ചൊവ്വരാൻ പറഞ്ഞു. കുളംനവീകരിക്കണ ശ്രമങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്ന് പൊതിയക്കരയിലെ സാംസ്കാരിക കൂട്ടായ്മയായ സ്പാ പ്രസിഡന്റ് ഡേവീസ് കുന്നേക്കാടൻ പറഞ്ഞു. വാർഡ് മെബർ കെ.ടി. എൽദോസ്, മുൻ ബ്ലോക്ക് പഞ്ചായത്തംഗം റെന്നിജോസ്, എം.വി. ലെനീഷ് , ഷീജ ജെയ്മി, പി.വി. പൗലോസ് എന്നിവർ സംസാരിച്ചു.