കളമശേരി: കൊവിഡ് രോഗികളുടെ വർദ്ധന കണക്കിലെടുത്ത് ഏലൂർ നഗരസഭയിൽ ലോക് ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കും. അടിയന്തര സാഹചര്യങ്ങളിൽ കൊവിഡ് പോസിറ്റീവായി ക്വാറന്റീനിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കും. ഇ.എസ്.ഐ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രത്യേക സജ്ജീകരണമൊരുക്കുന്നതിന് കളക്ടർക്ക് കത്ത് നൽകി. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പരിശോധന നടത്തും. തിരക്ക് നിയന്ത്രിക്കാൻ വാർഡടിസ്ഥാനത്തിൽ ടോക്കൺ നൽകി വാക്സിനേഷൻ നടപടികൾ പൂർത്തീകരിക്കും. ദൈനംദിന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് കൊവിഡ് ടീം വാട്സ് അപ് ഗ്രൂപ്പ് ആരംഭിക്കും. ഓൺലൈനിൽ ചേർന്ന സർവ്വകക്ഷിയോഗത്തിൽ ചെയർമാൻ എ .ഡി .സുജിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, വില്ലേജ് ഓഫീസർ, സർക്കിൾ ഇൻസ്പെക്ടർ , നഗരസഭാ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, സെക്ടറൽ മജിസ്ട്രേറ്റ്, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.