st-thomas-church
പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവയുടെ ശ്രാദ്ധ പെരുന്നാളിനോടനുബന്ധിച്ച് പറവൂർ നഗരസഭ സി.എഫ്.എൽ.ടിയിലേക്ക് നൽകിയ ഭക്ഷണം പള്ളി ഭാരവാഹികളിൽ നിന്നും നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഏറ്റുവാങ്ങുന്നു

പറവൂർ: പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവയുടെ 340-ാം ശ്രാദ്ധ പെരുന്നാൾ ആഘോഷിച്ചു. പ്രദേശത്തെ കിടപ്പാടമില്ലാത്ത പത്ത് കുടുബങ്ങൾക്ക് വീടുവെയ്ക്കാൻ അഞ്ചുസെന്റ് സ്ഥലംവീതം സൗജന്യമായി നൽകി. ഏഴിക്കര പഞ്ചായത്തിലെ കെടാമംഗലത്താണ് ഇതിനായി പ്ലോട്ട് തിരിച്ച് സ്ഥലം നൽകുന്നത്. പെരുന്നാൾ കുർബാനയ്ക്കുശേഷം സ്ഥലത്തിന്റെ രേഖകൾ ഗുണഭോക്താക്കൾക്ക് കൈമാറി. പരിശുദ്ധ അബ്ദുൾ ജലീൽ ബാവയുടെ കബറിടത്തിൽ സഭയിലെ മുതിർന്ന മെത്രാപ്പൊലീത്ത എബ്രഹാം മാർ സേവോറിയോസ് വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് നടന്ന മൂന്നിന്മേൽ കുർബാനക്ക് മെത്രാപ്പൊലീത്തമാരായ കുര്യക്കോസ് മാർ ഗ്രിഗോറിയോസ്, ഗീവർഗീസ് മാർ അത്താനാസിയോസ്, ഐസക്ക് മാർ ഒസ്ത്താത്തിയോസ് എന്നിവർ മുഖ്യകാർമ്മികരായിരുന്നു. പള്ളി വികാരി ഫാ. ജോർജ്‌ജോൺ കൂരൻ താഴത്തുപറമ്പിൽ, സഹവികാരിമാരായ ഫാ. എൽദോ വർഗീസ് കുളങ്ങര, ഫാ. മെജോജോർജ് മൂഴയിൽ, പള്ളി സെക്രട്ടറി പ്രൊഫ. രഞ്ജൻ എബ്രഹാം എന്നിവർ പങ്കെടുത്തു. തുടർന്ന് പ്രദക്ഷിണവും ആശിർവാദവും നേർച്ചയും നടന്നു.