koonamavu-phc-
കൂനമ്മാവ് പ്രൈമറി ഹെൽത്ത് സെന്ററിൽ പരിശോധനക്കായി എത്തിയവർ കൂട്ടംകൂടി നിൽക്കുന്നു.

പറവൂർ: ആരോഗ്യകേന്ദ്രങ്ങളിൽ എത്തുന്നവർപോലും സാമൂഹികഅകലം പാലിക്കാത്തത് കൊവിഡ് പ്രതിരോധത്തെ പ്രതിസന്ധിലാക്കുന്നു. കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനുള്ള സ്രവപരിശോധനയ്ക്കും വാക്സിൻ എടുക്കുന്നതിനുമായി അനേകം ആളുകൾ ആരോഗ്യകേന്ദ്രങ്ങളിൽ എത്തുന്നതിനെത്തുടർന്നാണ് അവിടെയും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നത്.

സ്രവപരിശോധനയ്ക്കായി ഇന്നലെ ഒട്ടേറെപ്പേരാണ് താലൂക്ക് ആശുപത്രിയിൽ എത്തിയത്. ആളുകളുടെ എണ്ണം കൂടിയതോടെ കൂട്ടംകൂടി നിൽക്കുന്ന സ്ഥിതിയായി. ഒരുമിച്ചെത്തുന്നവരും പരിചയക്കാരുമെല്ലാം അടുത്തടുത്തു കസേരയിട്ടാണ് ഇരിക്കുന്നത്. അധികൃതരെത്തി പറയുമ്പോൾ മാത്രമാണ് പലരും നീങ്ങിനിൽക്കാൻ തയ്യാറാകുന്നത്. അല്‍പസമയം കഴിയുമ്പോൾ വീണ്ടും പഴയപടിയാകും.

ഇന്നലെ മണിക്കൂറുകൾ കാത്തുനിന്നിട്ടാണ് പലർക്കും സ്രവപരിശോധന നടത്താൻ കഴിഞ്ഞത്. പരിശോധന നടത്താനുള്ള വി.ടി.എം തീർന്നുപോയതാണ് പ്രതിസന്ധിയുണ്ടാക്കിയത്. പിന്നീട് വീണ്ടുമെത്തിച്ചാണ് പരിശോധന നടത്തിയത്. സാമൂഹികഅകലം പാലിച്ചില്ലെങ്കിൽ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നുപോലും രോഗം പകരാനുള്ള സാദ്ധ്യതയുണ്ട്. സാഹചര്യം മനസിലാക്കി ജനങ്ങൾ സ്വയം നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.

കൂനമ്മാവ് പ്രൈമറി ഹെൽത്ത് സെന്ററിൽ രാവിലെ മുതൽ കൊവിഡ് പരിശോധനയ്ക്കായി നിരവധി പേരാണ് എത്തിയത്. പരിശോധന തുടങ്ങുവാൻ വൈകിയതോടെ ജനങ്ങളുടെ കൂട്ടമായി സെന്റർ പരിസരം മാറി. പ്രായമായവും കുട്ടികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ആരോഗ്യ പ്രവർത്തകർ നിരവധി തവണ സാമൂഹ്യഅകലം പാലിക്കാൻ നിർദ്ദേശിച്ചെങ്കിലും അതൊന്നും നടന്നില്ല. ഉച്ചയോടെയാണ് പരിശോധന ആരംഭിച്ചത്. ഈസമയത്ത് വലിയൊരു ജനക്കൂട്ടമായിരുന്നു ഹെൽത്ത് സെന്ററിൽ.