കൊച്ചി: സ്വർണ, ഡോളർ കടത്ത് കേസുകളുടെ അന്വേഷണം നിലച്ചു. കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചതാണ് കാരണം. അടുത്ത മാസം പകുതിയോടെ മാത്രമേ ഇനി അന്വേഷണം പുനരാരംഭിക്കാൻ സാദ്ധ്യതയുള്ളൂ.

സ്പീക്കർ പി.ശ്രീരാമകൃഷ്ണന് കൊവിഡ് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ സ്വയം നിരീക്ഷണത്തിൽ പോയിരുന്നു. പിന്നാലെ പ്രിവന്റീവ് ഓഫീസിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു. കസ്റ്റംസ് പ്രിവന്റീവ് ഓഫീസ് ഭാഗികമായി അടച്ചിരിക്കുകയാണ്. സ്പീക്കർ ഉൾപ്പെടെയുള്ളവരുടെ തുടർ ചോദ്യംചെയ്യലിന് തയ്യാറെടുക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർ കൊവിഡിന്റെ പിടിയിലായത്. എൻ.ഐ.എ ആസ്ഥാനത്തും ഇ.ഡി ഓഫീസിലും കൊവിഡ് പ്രതിസന്ധി രൂക്ഷമാണ്. ഇ.ഡിക്കും കസ്റ്റംസിനുമൊപ്പം എൻ.ഐ.എയിലെ പല ഉദ്യോഗസ്ഥരും ക്വാറന്റീനിലാണ്. തീവ്രവാദ കേസുകളിലടക്കം അന്വേഷണത്തെ ഇത് കാര്യമായി ബാധിക്കുന്നുണ്ട്.