പിറവം: പിറവം നഗരസഭയിൽ കൊവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നതിന് ഡൊമിസിലറി കെയർ സെന്റർ (ഡി.സി.സി) പ്രവർത്തനം തുടങ്ങുന്നു. സജ്ജീകരണങ്ങൾ പൂർത്തിയായതായി നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് അറിയിച്ചു.
നഗരസഭാ പ്രദേശമടക്കമുള്ള കിഴക്കൾ മേഖലയിൽ രോഗികളുടെ എണ്ണം അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പിറവത്തെ ജലഅതോറിറ്റിയുടെ വി.വി.ഐ.പി അതിഥിമന്ദിരം പ്രാഥമിക ചികിത്സാ കേന്ദ്രമാക്കാൻ നഗരസഭ തീരുമാനിച്ചത്. 40 കിടക്കകളുണ്ടാകും. ഇവിടേക്കുള്ള മാസ്കുകളും പി.പി.ഇ കിറ്റുകളും പിറവം യാക്കോബായ കോൺഗ്രിഗേഷൻ പള്ളി വികാരി ഫാ. വർഗീസ് പനച്ചിയിൽ നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പിന് കൈമാറി. വൈസ് ചെയർമാൻ കെ.പി. സലിം, സ്ഥിരം സമിതി അംഗങ്ങളായ ജിൽസ് പെരിയപ്പുറം, ബിമൽ ചന്ദ്രൻ, കൗൺസിലർമാരായ ഗിരീഷ് കുമാർ, ജിൻസി രാജു, ജോജി ചാരുപ്ലാവിൽ, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. സുനിൽ ജെ. ഇളന്തട്ട്, ഹെൽത്ത് ഇൻസ്പെക്ടർ അഞ്ജു.കെ.തമ്പി എന്നിവർ പങ്കെടുത്തു.