കൊച്ചി: നാലു മാസമായി നിർമ്മാണം നിലച്ച കൊച്ചി കാൻസർ സെന്ററിന്റെ നിർമ്മാണത്തിന് വീണ്ടും വഴിയൊരുങ്ങുന്നു. മേയ് രണ്ടിന് ശേഷം വീണ്ടും ടെണ്ടർ വിളിക്കാനൊരുങ്ങുകയാണ് നിർമ്മാണമേൽനോട്ടം വഹിക്കുന്ന ഇൻകെൽ. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നീക്കം.

ഒരു മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി അടിയന്തരമായി നിർമ്മാണം പുനരാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കാൻസർ സെന്ററിന്റെ 40 ശതമാനം നിർമ്മാണമേ പൂർത്തിയായിട്ടുള്ളൂ. നിർമ്മാണ ചുമതലയുള്ള ചെന്നൈ ആസ്ഥാനമായ പി ആൻഡ് സി കമ്പനിയുടെ കരാർ കിഫ്ബി റദ്ദ് ചെയ്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചതോടെയാണ് പുതിയ ടെൻഡർ വിളിക്കുന്നത്.
ബാക്കി നിൽക്കുന്ന സിവിൽ ജോലികൾ, പബ്ലിക്ക് ഹെൽത്ത് എൻജിനിയറിംഗ് സിസ്റ്റം, വൈദ്യുതീകരണ ജോലികൾ, അഗ്‌നിശമനസംവിധാനങ്ങൾ തുടങ്ങിയവ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പബ്ലിംഗ് (എം.ഇ.പി) ജോലികൾ കൂടി പുതിയ ടെൻഡറിൽ ഉൾപ്പെടുത്തും. എല്ലാം ഉൾപ്പെടുത്തി ഒറ്റ ടെൻഡറായാണ് വിളിക്കുക. ഇതോടെ നിർമ്മാണം രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ.

മേയിൽ ടെൻഡർ നടപടി പൂർത്തിയാകും

കാൻസർ സെന്ററിന്റെ ബാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ പുതിയ ടെൻഡർ നടപടികൾ മേയ് ആദ്യവാരത്തോടെ തന്നെ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പുതിയ ടെൻഡർ വിളിക്കുന്നത്.

മോഹൻ ലാൽ
മാനേജിംഗ് ഡയറക്ടർ
ഇൻകെൽ

കെട്ടിട നിർമ്മാണം ആരംഭിക്കണം

കാൻസർ സെന്ററിന്റെ നി‌‌‌‌ർമ്മാണം നാലു മാസമായി നിലച്ചിരിക്കുകയാണ്. ടെൻഡർ നടപടികൾ പൂർത്തായാക്കി അടിയന്തിരമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. നി‌ർമ്മാണ കരാർ നൽകുന്നതിന് മുമ്പായി കമ്പനിയുടെ മുൻകാല പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച കമ്പനിയ്ക്ക് ടെൻഡർ നൽകാൻ ഇക്കുറി തയ്യാറാവണം.

ഡോ. എൻ.കെ. സനിൽ കുമാർ

ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്മെന്റ്