കളമശേരി: അന്തരീക്ഷമലിനീകരണവും മറ്റുമായി ബന്ധപ്പെട്ട് ഏലൂർ വ്യവസായ മേഖല വിമർശനവിധേയമാകാറുണ്ട്. എന്നാൽ മനുഷ്യജീവൻ നിലനിർത്താനുള്ള മെഡിക്കൽ ഓക്സിജൻ ഉത്പാദനവും ഇവിടെ നന്നായി നടക്കുന്നു. കൊവിഡ് വ്യാപനം ഭീതി ജനിപ്പിക്കുമ്പോൾ ഓക്സിജൻക്ഷാമം രൂക്ഷമാണെന്ന വാർത്തകൾ പരിഭ്രാന്തി പരത്തുന്നുണ്ട്.
ഏലൂരിലെ സതേൺ ഗ്യാസ് ലിമിറ്റഡ് കമ്പനിയിൽ മൂന്നു ഷിഫ്റ്റിൽ ജീവനക്കാർ വിശ്രമമില്ലാതെ മെഡിക്കൽ ഓക്സിജൻ നിർമ്മാണ പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ്.
ഏലൂർ ആറാംവാർഡിൽ സ്ഥിതിചെയ്യുന്ന സതേൺഗ്യാസിന്റെ ഹെഡ് ഓഫീസ് ഗോവയിലാണ്. ഗൗതം പൈ കാക്കഡെയാണ് സി.എം.ഡി. 1964 ലാണ് ഏലൂരിൽ പ്രവർത്തനം തുടങ്ങിയത്. ഇൻഡസ്ട്രിയൽ ഓക്സിജൻ നിർമ്മാണം സർക്കാർ ഉത്തരവിനെത്തുടർന്ന് നിറുത്തിവെച്ചു. കന്യാകുമാരി മുതൽ ആന്ധ്രാപ്രദേശ് വരെ ഇവിടെനിന്ന് ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്നുണ്ട്.
ഇടക്കിടെയുള്ള വൈദ്യുതി തടസം, കൊവിഡ് പോസിറ്റീവാകുന്ന ജീവനക്കാർ തുടങ്ങിയ പ്രതിസന്ധികളെയെല്ലാം മറികടന്ന് മുന്നോട്ടുപോകാൻ കഴിയുന്നുണ്ടെന്ന് യൂണിറ്റ് ഹെഡ് (അക്കൗണ്ട്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ ) വിനോദ് കുമാർ പറഞ്ഞു. പെട്രോളിയം എക്സ് പ്ളോസീവ് സേഫ്ടി ഓർഗനൈസേഷൻ ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഡോ. വേണുഗോപാലിന്റെ വിലയിരുത്തലുകളും നിർദ്ദേശങ്ങളും സഹായകരമാണ്. ആശുപത്രികളിൽനിന്ന് അസമയത്തും ഓക്സിജൻ സിലിണ്ടർ ആവശ്യപ്പെട്ട് ധാരാളം ഫോൺകാളുകൾ വരാറുണ്ടെന്നും ഉടനെ തന്നെ പരിഹരിക്കാറുണ്ടെന്നും മാർക്കറ്റിംഗ് മാനേജർ രജീഷ് പറഞ്ഞു.