കൊച്ചി: കൊവിഡ് രണ്ടാംതരംഗം അതിസങ്കീർണമായതോടെ ജില്ലയിലെ വ്യാപാരമേഖല വീണ്ടും പ്രതിസന്ധിയിൽ. വാരാന്ത്യ നിയന്ത്രണങ്ങൾക്ക് പിന്നാലെ സമയക്രമത്തിലും മാറ്റംവരുത്തിയതാണ് കനത്ത പ്രഹരമായിരിക്കുന്നത്. ചെറിയ പെരുന്നാൾ വിപണി മുന്നിൽക്കണ്ട് ലക്ഷക്കണക്കിന് രൂപയുടെ സ്റ്റോക്ക് എത്തിച്ചവരെല്ലാം കച്ചവടമില്ലാതെ നട്ടംതിരിയുകയാണ്. വാണിജ്യകേന്ദ്രമായ എറണാകുളം മാർക്കറ്റിലടക്കം ആളൊഴിഞ്ഞതോടെ മിക്കദിവസവും കാര്യമായ കച്ചവടം നടക്കുന്നില്ല. വൈദ്യുതിചാർജ്, വാടക, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവകൂടി കണ്ടെത്തേണ്ടിവരുമ്പോൾ കൂടുതൽ കടംവാങ്ങിക്കൂട്ടുകയല്ലാതെ മാർഗമില്ലെന്ന സ്ഥിതിയിലാണ് വ്യാപാരികൾ.

കടം ഒഴിയാതെ

കൊവിഡിന്റെ ആദ്യഘട്ടത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ സൃഷ്ടിച്ച സാമ്പത്തികത്തകർച്ചയിൽ നിന്ന് ചെറിയതോതിൽ കരകയറിവരുന്ന വ്യാപാരികൾക്ക് ഇപ്പോഴത്തെ പ്രതിസന്ധി ഇരട്ടി ബാദ്ധ്യതയാവുകയാണ്. കോടിക്കണക്കിന് രൂപയുടെ സ്റ്റോക്ക് ഇറക്കിയിട്ടുള്ള തുണിവ്യവസായ മേഖലയ്ക്കാണ് ഏറ്റവുംകൂടുതൽ നഷ്ടം. ആദ്യ ലോക്ക് ഡൗൺ കാലത്ത് കെട്ടിക്കിടന്ന സ്റ്റോക്കുകൾ ഡിസ്‌കൗണ്ടിൽ വിറ്റഴിച്ചതുമൂലമുണ്ടായ നഷ്ടം ഇതുവരെ മറികടക്കാനായില്ലെന്ന് വ്യാപാരികൾ പറയുന്നു. ചെറിയതോതിൽ വ്യവസായം പച്ചപിടിച്ച് വരുമ്പോഴാണ് രണ്ടാംവ്യാപനവും അതിന്റെ ഭാഗമായ നിയന്ത്രണങ്ങളും എത്തിയിട്ടുള്ളത്. ഹോട്ടൽമേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞവർഷത്തെ ലോക്ക് ഡൗണിൽ മാസങ്ങളോളം അടഞ്ഞുകിടന്ന ഒട്ടുമിക്ക കടകളും വ്യാപാരികൾ മോടിപിടിപ്പിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിരുന്നു. ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ ഒട്ടുമിക്ക ജീവനക്കാർക്കും ശമ്പളമില്ലാത്ത അവധിയാണ് നിലവിൽ.

കച്ചവടം അഞ്ചുവരെ

രാത്രികാല നിയന്ത്രണത്തെത്തുടർന്ന് രാത്രി ഏഴരയോടെ കടകൾ പൂർണമായി അടക്കണമെങ്കിൽ ആറുമണിയോടെ ഒരുക്കം തുടങ്ങേണ്ടിവരും. നേരം വൈകുന്നതോടെ നിയന്ത്രണങ്ങളെത്തുടർന്ന് നിരത്തുകൾ വിജനമാവുകയും ചെയ്യും. ഫലത്തിൽ വൈകിട്ട് അഞ്ചുവരെയുള്ള കച്ചവടം മാത്രമാണ് ഭൂരിഭാഗം കടകളിലും നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സർക്കാരിൽനിന്ന് സഹായം ലഭിച്ചാലേ പ്രതിസന്ധിയിൽനിന്ന് കരകയറാനാകൂവെന്ന് വ്യാപാരികൾ പറയുന്നു.

സർക്കാർ കൈത്താങ്ങാകണം

ലോക്ക് ഡൗണിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ സഹായം ചെയ്യുമെന്നാണ് സ‌ർക്കാ‌‌ർ അറിയിച്ചിരുന്നത്. എന്നാൽ അതുണ്ടായില്ല. നിലവിലെ സാഹചര്യത്തിൽ മറ്റ് മേഖലയ്ക്ക് കൈത്താങ്ങു നൽകുന്നതുപോലെ വ്യാപാരമേഖലയേയും പരിഗണിക്കണം.

ജി. കാ‌ർത്തികേയൻ,

പ്രസിഡന്റ്, കേരള മ‌ർച്ചന്റ്സ്

ചേംബ‌ർ ഒഫ് കോമേഴ്സ്