കൊച്ചി: നെല്ലിമറ്റം മില്ലുംപടി പീച്ചാട്ട് സേവ്യർ എന്ന കുര്യാക്കോസ് കൊല്ലപ്പെട്ട കേസിലെ പ്രതി പീച്ചാട്ട് കൊടക്കനാൽ ജോബി പോളിന് എറണാകുളം അഡിഷണൽ സെഷൻസ് കോടതി നാലു വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. സേവ്യറും ഇയാളുടെ ബന്ധുവായ പ്രതിയും തമ്മിൽ വർഷങ്ങളായി വഴിത്തർക്കവും കുടുംബവഴക്കും നിലനിന്നിരുന്നു. 2011 ജൂൺ 20നു വൈകിട്ട് ഏഴുമണിയോടെ വീടിനു സമീപത്തെ ഇടവഴിയിൽ വച്ച് സേവ്യറും ജോബിയും തമ്മിൽ വഴക്കുണ്ടായെന്നും ജോബി കൈയിൽ കരുതിയിരുന്ന കുറുവടി കൊണ്ട് സേവ്യറിന്റെ തലയ്ക്കടിച്ചു വീഴ്‌ത്തിയെന്നുമാണ് കേസ്. സേവ്യറിനെ മകനും കൂട്ടുകാരും ചേർന്ന് കോതമംഗലം മാർ ബസേലിയസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഉൗന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു ദിവസത്തിനുശേഷം ജോബിയെ അറസ്റ്റ് ചെയ്തിരുന്നു.