covid19
മുടവൂരിൽ കൊവിഡ് സെന്ററിനായി അറ്റകുറ്റ പണികൾ നടത്തുന്ന കമ്മ്യൂണിറ്റി ഹാൾ

മൂവാറ്റുപുഴ: കൊവിഡ് കേസുകൾ ദിനംപ്രതി വർദ്ധിക്കുന്ന പായിപ്ര ഗ്രാമ പഞ്ചായത്തിൽ അടിയന്തരമായി എഫ്.എൽ.ടി.സി ആരംഭിക്കണം എന്ന ആവശ്യം ശക്തമാകുമ്പോഴും മുഖം തിരിച്ച് അധികാരികൾ. ഇതു സംബന്ധിച്ച് ഡി.വൈ.എഫ്.ഐ പായിപ്ര മേഖല കമ്മിറ്റി പഞ്ചായത്ത്‌ സെക്രട്ടറിക്ക് നിവേദനം നൽകുകയും ചർച്ചനടത്തുകയും ചെയ്തിരുന്നു. ഇതിനിടെ പഞ്ചായത്തിലെ 22 വാർഡുകളും കണ്ടെയ്മെന്റ് സോൺ ആയി പ്രഖ്യാപിച്ചു കൊണ്ട് ജില്ല കളക്ടറുടെ ഉത്തരവുമിറങ്ങി. എന്നാൽ കാര്യത്തിന്റെ ഗൗരവം ഉൾകൊണ്ട് പ്രതിരോധ പ്രവർത്തനം സംഘടിപ്പിക്കുന്നതിൽ വലിയ വീഴ്ച വരുത്തുകയാണെന്ന ആക്ഷേപം ശക്തമാണ്. പഞ്ചായത്തിലെ വിവിധ കക്ഷിനേതാക്കളുടെ യോഗം ചേർന്ന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് പ്രതിരോധ പ്രവർത്തനം സഘടിപ്പിക്കണന്നാണ് യുവജന സംഘടനകളുടെ ആവശ്യം.

എഫ്.എൽ.ടി.സി എന്ന് ആരംഭിക്കാൻ കഴിയുമെന്ന ചോദ്യത്തിന് മുടവൂരിലെ കമ്മ്യൂണിറ്റി സെന്ററിന്റെ അറ്റകുറ്റ പണികൾ പൂർത്തിയാകുന്ന മുറക്കെ സെന്റർ തുടങ്ങാൻ കഴിയൂ എന്നാണ് പഞ്ചായത്ത് സെക്രട്ടറി പറയുന്നതെന്ന് ഡി.വൈ.എഫ് .ഐ ഭാരവാഹികൾ പറഞ്ഞു. ചുരുങ്ങിയത് രണ്ടാഴച്ച സമയമെടുക്കും.

നൂറുകണക്കിന് കേസുകൾ പഞ്ചായത്തിൽ നിന്നും റിപ്പോർട്ട്‌ ചെയ്യുമ്പോൾ പ്രാഥമിക അവശ്യങ്ങൾ പോലും നിറവേറ്റാൻ സൗകര്യമില്ലാത്ത 25 ബെഡ് മാത്രം നിരത്താൻ കഴിയുന്ന ഈ കമ്മ്യൂണിറ്റി ഹാളിൽ ഇത്രയധികം പണം ചെലവഴിച്ച് രണ്ടാഴ്ചത്തെ കാത്തിരിപ്പിനുശേഷം തുടങ്ങുന്നതെന്തിനാണെന്ന് ചോദ്യത്തിന് പഞ്ചായത്ത് ഭരണത്തിന് മറുപടിയില്ല.