pktpdy
പുക്കാട്ടുപടിയിൽ തിങ്ങി നിൽക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾ

കിഴക്കമ്പലം: കൊവിഡ് വ്യാപനം ദിനംപ്രതി വർദ്ധിക്കുമ്പോഴും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാടെ അവഗണിക്കുകയാണ് ഗ്രാമ പ്രദേശങ്ങൾ. പരമാവധി പുറത്തിറങ്ങാതെ കൂട്ടംചേരലുകൾ ഒഴിവാക്കണമെന്ന നിർദേശമുണ്ടായിട്ടും ജംഗ്ഷനുകൾ കേന്ദ്രീകരിച്ചുള്ള ആൾക്കൂട്ടത്തിന് ഒരു കുറവുമില്ല. രൂക്ഷമായ വ്യാപനം കണക്കിലെടുത്ത് ഒരാഴ്ച മുമ്പെ എടത്തല പഞ്ചായത്ത് ലോക്ക് ഡൗൺ ആക്കിയെങ്കിലും പഞ്ചായത്തിന്റെ ഭാഗമായ പൂക്കാട്ടുപടി ജംഗ്ഷനിൽ ഇതൊന്നും ബാധകമല്ല എന്നതരത്തിലാണ് ജനങ്ങൾ കൂട്ടംകൂടുന്നത്. നാട്ടുകാർക്കു പുറമേ അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവിടെ കൊവിഡ് മാനദണ്ഡങ്ങൾ വകവെയ്ക്കാതെ കറങ്ങുന്നത്. രാവിലെ 6 മണിയോടെ നൂറുകണക്കിന് തൊഴിലാളികളാണ് ജംഗ്ഷനിൽ എത്തുന്നത്. കൊവിഡ് കാലമായതിനാലുള്ള പണികളുടെ കുറവ് കാരണം ഇവരുടെ കൂട്ടംചേരൽ പത്തു മണിവരെ നീളും. ഇതിനിടയിൽ മാസ്‌ക് ധരിക്കാതെ പലരും കടകളും റോഡുകളും കൈയേറുകയാണ്. വഴിയാത്രക്കാരായി എത്തുന്നവർക്ക് ഇവരുടെ കൂട്ടംചേരലുകൾമൂലം ഇതിലൂടെ സഞ്ചരിക്കാനാകാത്ത അവസ്ഥയാണുള്ളത്. ഇതിനിടെ കൊച്ചി, ആലുവ, മുവാ​റ്റുപുഴ, പെരുമ്പാവൂർ, തൃപ്പൂണിത്തുറ തുടങ്ങി വിവിധ പ്രദേശങ്ങളിലേയ്ക്ക് പോകാനായ് എത്തുന്നവരുടെയും വാഹനങ്ങളുടെയും അനിയന്ത്റിതമായ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. എടത്തല പൊലീസ് സ്‌​റ്റേഷൻ പരിധിയിലുള്ള പ്രദേശത്ത് പൊലീസിന്റെ സാന്നിദ്ധ്യം വേണ്ടത്രയില്ലാത്തത്തും ആളുകൾ കൂട്ടംകൂടുന്നതിന് കാരണമാണ്.