കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിന് ബംഗളൂരു സ്വദേശിയും ഭക്തനുമായ ഗാനശ്രാവൺ വാഗ്ദാനം ചെയ്ത 526 കോടിയുടെ ക്ഷേത്രനഗരി പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ തീരുമാനം ഹൈക്കോടതി ശരിവച്ചു. ഇൗ ആവശ്യം ഉന്നയിച്ച് ദേവസ്വം ബോർഡ് നൽകിയ ഹർജിയിലെ തുടർനടപടികൾ ജസ്റ്റിസ് സി.ടി. രവികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അവസാനിപ്പിച്ചു. സ്വർണവ്യാപാരിയായ ഗാനശ്രാവണുമായി പദ്ധതിക്ക് ധാരണാപത്രം ഒപ്പിടാൻ അനുമതി തേടി കൊച്ചിൻ ദേവസ്വം ബോർഡ് ദേവസ്വം ഒാംബുഡ്സ്മാന് നൽകിയ ഹർജി പിൻവലിക്കാനും ഇതോടൊപ്പം അനുമതി നൽകി. ഏറെ ചർച്ച ചെയ്ത ചോറ്റാനിക്കര ദേവീക്ഷേത്രത്തിന്റെ സമഗ്രവികസന പദ്ധതി ഇതോടെ എങ്ങുമെത്താതെ അവസാനിച്ചു. ഗാനശ്രാവണുമായി ധാരണാപത്രം ഒപ്പുവയ്ക്കാൻ നേരത്തെ ദേവസ്വം ബോർഡ് ഒാംബുഡ്സ്മാന്റെ അനുമതി തേടിയിരുന്നെങ്കിലും ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിൽ ഹർജി പരിഗണനയ്ക്കു വന്നപ്പോൾ പദ്ധതിയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച് കഴിഞ്ഞ മാർച്ച് 29ന് ബോർഡ് ഇറക്കിയ ഉത്തരവ് ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ ഹാജരാക്കി. എന്തുകൊണ്ട് പിന്മാറുന്നുവെന്ന് ഉത്തരവിൽ നിന്ന് വ്യക്തമാണെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ച് ഇൗ തീരുമാനം ശരിവച്ച് തുടർനടപടികൾ അവസാനിപ്പിച്ചത്.
2020 മാർച്ചിലാണ് ഗാനശ്രാവൺ പദ്ധതിയുമായി ദേവസ്വം ബോർഡിനെ സമീപിച്ചത്. മാസങ്ങളോളം ഇതിൽ നടപടിയുണ്ടായില്ല. പിന്നീട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇടപെട്ട് യോഗം വിളിച്ചതിനെ തുടർന്നാണ് ധാരണാപത്രം ഒപ്പുവയ്ക്കാൻ അനുമതി തേടി ദേവസ്വം ബോർഡ് അധികൃതർ ദേവസ്വം ഒാംബുഡ്സ്മാനെ സമീപിച്ചത്. പദ്ധതിക്കുള്ള പണം വിദേശത്തുനിന്നെത്തിക്കാൻ ദേവസ്വം ബോർഡുമായി ധാരണാപത്രം വേണമെന്ന് ഗാനശ്രാവണും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് വിഷയം പരിഗണിച്ച ദേവസ്വം ഒാംബുഡ്സ്മാൻ ബോർഡിനെയും ഗാനശ്രാവണിനെയും വിമർശിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
ക്ഷേത്രനഗരി പദ്ധതിയെന്ന വാഗ്ദാനത്തെക്കുറിച്ച് പഠനം നടത്താതെയാണ് ധാരണാപത്രത്തിന് ബോർഡ് അനുമതി തേടിയതെന്നും ഗാനശ്രാവണിനെക്കുറിച്ചോ ഇയാളുടെ കമ്പനിയെക്കുറിച്ചോ ബോർഡിന് ധാരണയില്ലെന്നും ഒാംബുഡ്സ്മാൻ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഗാനശ്രാവൺ സിറ്റിംഗുകളിൽ പങ്കെടുത്തില്ലെന്നും സാമ്പത്തിക വിവരങ്ങൾ മുദ്രവച്ച കവറിൽ നൽകാമെന്ന് പറഞ്ഞെങ്കിലും നൽകിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.