pic
കൊവിഡ് ലക്ഷണമുള്ള വ്യക്തിയെ തൃക്കാരിയൂരിലെ വാർഡ് മെമ്പർ സനൽ പുത്തൻപുരക്കൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

കോതമംഗലം: കൊവിഡ് വ്യാപനത്തിൽ ബുദ്ധിമുട്ടുന്ന തൃക്കാരിയൂർ നിവാസികൾക്ക് താങ്ങും തണലുമായി ആറാം വാർഡ് മെമ്പർ സനൽ പുത്തൻപുരക്കൽ.കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് രോഗികൾക്കും, കൊവിഡ് ലക്ഷണങ്ങൾ ഉള്ളവർക്കും ആശുപത്രിയിൽ പോകേണ്ട അവസ്ഥയിൽ മെമ്പർ ഓട്ടോറിക്ഷ ഓടിച്ച് വീടുകളിലെത്തും.

പല ഓട്ടോ, ടാക്സി ഡ്രൈവർമാരും രോഗികളെ വാഹനങ്ങളിൽ കയറ്റുന്നതിന് വിമുകത കാണിക്കുന്നുണ്ട്. ഈ പ്രശ്നം ചൂണ്ടികാട്ടി വാർഡ് നിവാസികൾ മെമ്പറെ സമീപിക്കുന്നത് സ്ഥിരം കാഴ്ച്ചയാണ്. ഈ സാഹചര്യത്തിലാണ് തന്റെ സുഹൃത്തായ തൃക്കാരിയൂർ പെരുമ്പൻകുടി രാജേഷ് തന്റെ ഓട്ടോറിക്ഷ സേവനത്തിനായി സനലിന് വിട്ട് നൽകിയത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള സജ്ജീകരണങ്ങൾ ഓട്ടോയിൽ ഒരുക്കിയിട്ടുണ്ട്.

രോഗികളെ കയറ്റി ആശുപത്രിയിൽ എത്തിക്കുകയും തിരികെ കൊണ്ട് വന്നു ക്വാറന്റൈയിനിൽ ഇരുത്തേണ്ടവരെ നിശ്ചിത സ്ഥലങ്ങളിൽ ആക്കുകയും ക്വാറന്റൈയിനിൽ ഇരിക്കുന്ന വീട്ടുകാർക്ക് ആവശ്യമുള്ള പലചരക്ക്‌ പച്ചക്കറി മരുന്നുകളും സനൽ എത്തിച്ചു നൽകും.