പെരുമ്പാവൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ഓൺലൈനിൽ നടത്തി. വീടുകളിൽ കഴിയുന്ന രോഗികൾക്ക് ഉപയോഗിക്കുന്നതിന് ആവശ്യമായ പൾസ് ഓക്‌സി മീറ്റർ ആറ് പഞ്ചായത്തുകളിൽ നൽകാനും, ബ്ലോക്ക് പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്‌ക്ക് ആരംഭിക്കുന്നതിനും തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സാമൂഹ്യ അടുക്കളയുടെ പ്രവർത്തനം വിപുലീകരിച്ച് നിലവിൽ സാമൂഹ്യ അടുക്കള പ്രവർത്തിക്കാത്ത പഞ്ചായത്തുകളിൽ ഭക്ഷണ പൊതികൾ ആവശ്യക്കാർക്ക് നൽകാൻ സംവിധാനമുണ്ടാക്കും.പൊങ്ങൻ ചുവട് ആദിവാസി കോളനി നിവാസികൾക്ക് വാക്സിനേഷന് വേണ്ട സൗകര്യമൊരുക്കാൻ വേങ്ങൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് നിർദ്ദേശം നൽകിയതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ അറിയിച്ചു.