നെടുമ്പാശേരി: മഹത്തായ സന്ദേശമാണ് റംസാൻ 17 ബദർദിനം വിശ്വാസിസമൂഹത്തിന് പകർന്ന് നൽകുന്നതെന്ന് ജീലാനി സ്റ്റഡിസെന്റർ മുഖ്യരക്ഷാധികാരി നാഇബെ ഖുതുബുസമാൻ ഡോ.ശൈഖ് നിസാമുദ്ദീൻ സുൽത്താൻ പറഞ്ഞു. ആയുധബലമോ അംഗബലമോ ഇല്ലാതെ ആത്മീയബലത്തിന്റെ കരുത്തിൽ മാത്രം വിജയം നേടിയ മഹാൻമാരായ ബദ്രീങ്ങളെ ഇസ്ലാമികലോകം ഒന്നടങ്കം പ്രത്യേകമായി ആദരിക്കുകയും അനുസ്മരിക്കുകയും ചെയ്യുന്ന സുദിനമാണിത്. ബദർ ദിനത്തിൽ പിറവിയെടുത്ത ഖുതുബുസമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി അവിടത്തെ ശിഷ്യൻമാർക്ക് പകർന്നു നൽകിയത് അല്ലാഹുവിലും റസൂലിലുമുള്ള ഉറച്ച വിശ്വാസമായിരുന്നു. അല്ലാഹുവിന്റെ ഖുദ്രത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവർക്ക് എത്ര വലിയ എതിർപ്പുകളെയും നിഷ്പ്രയാസം അതിജീവിക്കുവാൻ കഴിയുമെന്ന് ഖുതുബുസമാൻ സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തരികയായിരുന്നുവെന്നും ശൈഖ് നിസാമുദീൻ സുൽത്താൻ അനുസ്മരിച്ചു.